മാലിന്യ ട്രക്കിലേക്ക് മൃതദേഹം തള്ളുന്ന യുപി പൊലീസ്; വീഡിയോ

ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്

Update: 2021-05-31 07:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഈ കോവിഡ് കാലത്ത് ക്രൂരമായ, ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്കും നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. അല്ലെങ്കില്‍ അത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. മൃതദേഹങ്ങളോട് പോലും മാന്യത കാണിക്കാതെ പെരുമാറുന്നവര്‍. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അന്‍പത് വയസുകാരന്‍റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലേക്ക് തള്ളുന്ന യുപി പൊലീസിനെയാണ് വീഡിയോയില്‍ കാണുന്നത്.

ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അന്‍പതുകാരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം ഗ്രാമത്തിലെത്തിയത്. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ക്ഷീണിതനായി കാണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ തുടങ്ങുന്നതിന് മുന്‍പ് മരിച്ചിരുന്നു.

മോര്‍ച്ചറിയില്‍ നിന്നും ഇയാളുടെ മൃതദേഹം കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് രണ്ട് പൊലീസുകാര്‍ പിടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവര്‍ മൃതദേഹം മാലിന്യ ട്രക്കിലേക്ക് വലിച്ചെറിയാനാണ് ശ്രമിക്കുന്നതെങ്കിലും ഒപ്പമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശമനുസരിച്ച് ട്രക്കില്‍ കൊണ്ടിടുകയായിരുന്നു.

എന്നാല്‍ മൃതദേഹം കൈമാറാന്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതായും മൃതദേഹം കൊണ്ടുപോകാന്‍ മാലിന്യ ട്രക്ക് ഏര്‍പ്പെടുത്തിയത് മകന്‍ തന്നെയാണെന്നും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍.കെ ഗൌതം പറഞ്ഞു. 


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News