കാണാനില്ല.. പേര് ഇന്ത്യന്‍ സര്‍ക്കാര്‍, പ്രായം ഏഴ് വയസ്സ്; 'ഔട്ട്ലുക്ക്' കവര്‍ ഫോട്ടോ
പുതിയ ലക്കം 'ഔട്ട് ലുക്ക്' മാഗസിന്റെ കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് 'മിസ്സിങ്' എന്നാണ്.
കോവിഡ് രണ്ടാം ഘട്ടം നേരിടുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കവര്‍ഫോട്ടോയില്‍ തന്നെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് 'ഔട്ട്ലുക്ക്' മാഗസിന്. പുതിയ ലക്കം 'ഔട്ട് ലുക്ക്' കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് 'മിസ്സിങ്' എന്നാണ്.
പേര്- ഗവണ്മെന്റ് ഓഫ് ഇന്ത്യ
പ്രായം- 7 വയസ്സ്
കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്മാരെ വിവരമറിയിക്കണം- എന്നാണ് കവര്‍ ഫോട്ടോയിലുള്ളത്.
മഹുവ മൊയ്ത്ര, പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മനോജ് ഝാ, വിജയ് ചൗതായ് വാലെ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പുതിയ ലക്കത്തിലുണ്ട്.
ഓക്സിജന്‍ ക്ഷാമം കാരണം ആളുകള്‍ പിടഞ്ഞുമരിക്കുമ്പോള്‍ പോലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കോവിഡ് വാക്സിന് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൌജന്യമായി നല്‍കാത്തതും വിമര്‍ശനവിധേയമായി. കോവിഡ് വാക്സിന് വില്പനയും വിതരണവും മരുന്ന് കമ്പനികളും സംസ്ഥാനങ്ങളും തമ്മിലായിക്കോ എന്ന മട്ടില്‍ മാറിനില്‍ക്കുന്ന മോദി സര്‍ക്കാരിന്റെ നയത്തിനെതിരെയാണ് വിമര്‍ശനം.
വാക്സിന് സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം
കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കത്ത് നല്കി. കോൺഗ്രസും സി.പി.എമ്മും അടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിപക്ഷം പല സന്ദർഭങ്ങളിലായി ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം പാടേ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തയച്ചത്. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ വിവിധ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സംഭരിക്കണം. സൗജന്യവും സാർവത്രികവുമായ വാക്സിൻ കുത്തിവെപ്പ് ദേശീയതലത്തിൽ ഉടനടി നടപ്പാക്കണം. തദ്ദേശീയമായ വാക്സിൻ ഉൽപാദനത്തിന് ലൈസൻസ് നിർബന്ധമാക്കണം. ബജറ്റ് വിഹിതമായ 35,000 കോടി വാക്സിനുവേണ്ടി ചെലവിടണം. പുതിയ പാർലമെന്റ് നിർമാണം അടക്കമുള്ള സെൻട്രൽ വിസ്ത പദ്ധതി ഉടനടി നിർത്തിവെച്ച്, ഇതിനായി നീക്കിവെച്ച പണം ഓക്സിജനും വാക്സിനും സമാഹരിക്കാൻ ചെലവിടണം. പി.എം കെയേഴ്സ് എന്ന സ്വകാര്യ ട്രസ്റ്റിലെ കണക്കില്ലാ പണം വാക്സിൻ, ഓക്സിജൻ, മെഡിക്കൽ സാമഗ്രികൾ എന്നിവ വാങ്ങുന്നതിന് ഉപയോഗപ്പെടുത്തണം. കോവിഡ് പ്രതിസന്ധിമൂലം തൊഴിലില്ലാതായവർക്ക് പ്രതിമാസം 6,000 രൂപ വീതം നൽകണം. ഗോഡൗണുകളിൽ അരിയും മറ്റും കെട്ടിക്കിടന്നു നശിക്കുകയാണെന്നിരിക്കേ, ആവശ്യക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകണം. കോവിഡ് മഹാമാരിയുടെ ഇരകളായി കർഷകർ മാറാതിരിക്കാൻ കാർഷിക നിയമങ്ങൾ പിൻവലിക്കണം- കത്തിൽ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ ഇവയാണ്.