വാക്സിന്‍ സൗജന്യമാക്കണം; രോഗകിടക്കയില്‍ നിന്ന് ശശി തരൂര്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്

Update: 2021-06-02 06:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ലെന്നും എങ്ങനെയാണ് ഡിസംബറോട് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്.

കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും വാക്സിന്‍ സൌജന്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വാക്സിന്‍ സൌജന്യമാക്കണമെന്ന് കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ താന്‍ പിന്തുണക്കുന്നതായും തരൂര്‍ പറഞ്ഞു. കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു..തരൂര്‍ പറയുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് ഉതകുന്ന വിധത്തില്‍ സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ ഞാന്‍ പിന്തുണയ്ക്കുന്നു. അമിത നിരക്കില്‍ വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലയ്ക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണ്, ശശി തരൂര്‍ വീഡിയോയില്‍ പറഞ്ഞു.

രാജ്യത്തെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗജന്യമായ വാക്‌സിന്‍ നല്‍കുന്ന നയമാണ് നമുക്ക് വേണ്ടത്. ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിച്ചു. അതിന്‍റെ ഒരംശം പോലുമോ അതിനേക്കാള്‍ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ശശി തരൂര്‍ പറഞ്ഞു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News