ബ്ലാക്ക് ഫംഗസ്: മരുന്ന് ക്ഷാമത്തിന് അടിയന്തര നടപടി വേണം; പ്രധാനമന്ത്രിയോട് സോണിയ ഗാന്ധി
ആവശ്യമായവർക്ക് സൗജന്യ ചികിത്സ നൽകണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു
രാജ്യത്ത് ബ്ലാക്ക് ഫംഗസ്ബാധ ശക്തമാകുന്നതിനിടെ മരുന്നുക്ഷാമം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് സോണിയ ഗാന്ധി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.
മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്ക് ലിപോസോമൽ ആംഫോതെറിസിൻ-ബി തീർത്തും അത്യാവശ്യമാണെന്നാണ് മനസിലാക്കിയിട്ടുള്ളത്. എന്നാൽ, മാർക്കറ്റിൽ മരുന്നിന് രൂക്ഷമായ ക്ഷാമമുണ്ടെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇതിനാൽ വിഷയത്തിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയാണ്-നരേന്ദ്ര മോദിക്കെഴുതിയ കത്തിൽ സോണിയ ആവശ്യപ്പെട്ടു.
"I understand that Liposomal Amphotericin-B is absolutely essential for treatment of Mucormycosis. However there are reports of its acute scarcity in market. I would request you to kindly take immediate action in this matter"
— Congress (@INCIndia) May 22, 2021
Congress President Smt. Sonia Gandhi writes to PM Modi pic.twitter.com/cn9IrUcm4U
രോഗം ചികിത്സിക്കാൻ ആവശ്യമായ അത്യവശ്യ മരുന്നുകൾ വേണ്ടത്ര ഉൽപാദിപ്പിച്ച് മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആവശ്യമായവർക്ക് സൗജന്യ പരിചരണം നൽകണമെന്ന ആവശ്യവും സോണിയ മുന്നോട്ടുവച്ചു.
ബ്ലാക്ക് ഫംഗസിനെതിരായ മരുന്നിന് കടുത്ത ക്ഷാമം നേരിടുന്നതായി വിവിധ സംസ്ഥാനങ്ങൾ പരാതിപ്പെട്ടതിനു പിറകെയാണ് സോണിയയുടെ കത്ത്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇവിടങ്ങളിലെ ആശുപത്രികളിലൊന്നും ആവശ്യത്തിന് മരുന്നില്ലെന്നാണ് പരാതിയുയർന്നിരിക്കുന്നത്.