രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണം; രാഷ്ട്രപതിക്ക് കത്തെഴുതി സ്റ്റാലിൻ

എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരിക്കുന്നത്

Update: 2021-05-20 17:23 GMT
Editor : Shaheer | By : Web Desk
Advertising

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തെഴുതി. 2018ൽ തമിഴ്‌നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് ചെയ്യണമെന്നും സ്റ്റാലിൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരിക്കുന്നത്. കത്ത് ഡിഎംകെ എംപി ടിആർ ബാലു ഇന്ന് രാഷ്ട്രപതിക്ക് കൈമാറി. കത്തിന്‍റെ പ്രതി തമിഴ്‌നാട് സർക്കാർ മാധ്യമങ്ങൾക്കു നൽകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാരാഗ്രഹത്തിന്റെ യാതന തിന്നു ജീവിക്കുകയാണ് ഏഴുപേരുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര വേദനയും പ്രയാസങ്ങളും ഇവർ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്. കേസിൽ മാപ്പപേക്ഷിച്ചുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കൂടുതൽ കാലതാമസം നേരിടുകയുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കു കുറയ്‌ക്കേണ്ട ആവശ്യം കോടതി തന്നെ അംഗീകരിച്ചതാണെന്നും കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News