കെജ്രിവാൾ ദേശീയപതാകയെ അലങ്കാരമായി ഉപയോഗിക്കുന്നു; ആരോപണവുമായി കേന്ദ്രമന്ത്രി

വാർത്താസമ്മേളനത്തിൽ ദേശീയപതാക പശ്ചാത്തലമായി ഉപയോഗിക്കുന്നതിനെതിരെയാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ വിമർശനം

Update: 2021-05-28 16:33 GMT
Editor : Shaheer
Advertising

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയപതാകയെ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലാണ് കെജ്രിവാൡനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

വാർത്താസമ്മേളനങ്ങൾക്കിടയിൽ പശ്ചാത്തലത്തിൽ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. വിശയം ചൂണ്ടിക്കാട്ടി പ്രഹ്ലാദ് പട്ടേൽ കെജ്രിവാളിന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഇത് ദേശീയപതാക ചട്ടത്തിന്റെ ലംഘനമാണെന്ന് മന്ത്രി ആരോപിച്ചു.

ദേശീയപതാക അലങ്കാരത്തിനായി ഉപയോഗിച്ചതായാണ് തോന്നുന്നത്. പതാകയുടെ മധ്യത്തിലുള്ള വെളുത്തഭാഗം കുറയ്ക്കുകയും പച്ചഭാഗം അതിലേക്ക് ചേർക്കുകയും ചെയ്ത പോലെയാണ് കാണുന്നത്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയ ദേശീയപതാക ചട്ടത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നതല്ല-കത്തിൽ മന്ത്രി പ്രഹ്ലാദ് പട്ടേൽ സൂചിപ്പിച്ചു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽനിന്ന് ഇത്തരത്തിലൊരു പ്രവൃത്തി അറിഞ്ഞോ അറിയാതെയോ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തിന്റെ ഒരു പ്രതി ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനും നൽകിയിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

Similar News