ബ്ലാക്ക് ഫംഗസ് ബാധിച്ച ഭർത്താവിന് ഇൻജക്ഷൻ നൽകിയില്ല; ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് യുവതിയുടെ ഭീഷണി
യുവതിയുടെ ഭർത്താവിന് ആംഫോടെറിസിൻ-ബി ഇൻജക്ഷൻ നൽകിയിട്ടുണ്ടെന്നും കൂടുതൽ ഇൻജക്ഷൻ നല്‍കേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു
ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ച ഭർത്താവിന് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയുടെ വിഡിയോ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയ ഭർത്താവിന് ആശുപത്രിയിൽ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുവതി ആശുപത്രി കെട്ടിടത്തിനുമുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കിയത്.
ബോംബേ ആശുപത്രിയിൽനിന്നാണ് ഞാൻ സംസാരിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് എന്റെ ഭർത്താവിനെ ഇവിടെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണിലും താടിയെല്ലിലും വേദനയുമുണ്ട്. രോഗത്തിനു വേണ്ട ഇൻജക്ഷൻ ആശുപത്രിയിൽ ലഭ്യമല്ല. ഈ അവസ്ഥയിൽ അദ്ദേഹത്തെ എങ്ങോട്ടുകൊണ്ടുപോകും-ആത്മഹത്യാ ഭീഷണി മുഴക്കിയ വിഡിയോയിൽ യുവതി പറയുന്നു.
ഇന്നുതന്നെ ഭർത്താവിന് ഇൻജക്ഷൻ നൽകിയില്ലെങ്കിൽ ആശുപത്രി കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്യുമെന്നും ഇതല്ലാതെ മറ്റൊരു വഴി തനിക്കുമുൻപിലില്ലെന്നും യുവതി ഭീഷണി മുഴക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ആരോഗ്യ മന്ത്രി പ്രഭുരാം ചൗധരി, ഇൻഡോർ കലക്ടർ മനീഷ് സിങ് എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിഡിയോ.
40 വയസ് പ്രായമായ യുവതിയുടെ ഭർത്താവിന് ബ്ലാക്ക് ഫംഗസിന് നൽകുന്ന ആംഫോടെറിസിൻ-ബി ഇൻജക്ഷൻ നൽകിയിട്ടുണ്ടെന്ന് ആശുപത്രി ജനറൽ മാനേജർ രാഹുൽ പരാശർ പ്രതികരിച്ചു. ഇനിയും കൂടുതൽ ഇൻജക്ഷൻ ഇദ്ദേഹത്തിനു നൽകേണ്ടിവരും. ഇതായിരിക്കാം യുവതിയെ പ്രകോപിപ്പിച്ചതെന്നും രാഹുൽ പറഞ്ഞു. യുവതിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബ്ലാക്ക് ഫംഗസ് ബാധിച്ച 122 രോഗികൾ ഇൻഡോറിലെ വിവിധ ആശുപത്രികളിൽ കഴിയുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക കണക്ക് പുറത്തുവന്നിരുന്നു. ആശുപത്രികളിൽ ആംഫോടെറിസിൻ-ബി ഇൻജക്ഷന് ക്ഷാമമുണ്ടെന്ന് മുൻപും രോഗികൾ പരാതിയുയർത്തിയിരുന്നു. കോൺഗ്രസ് രാജ്യസഭാംഗം ദിഗ്‌വിജയ് സിങ് വിഷയം ഉന്നയിച്ച് ശിവരാജ് സിങ് ചൗഹാന് കത്തെഴുതുകയും ചെയ്തിരുന്നു.