പിടിച്ചുകെട്ടാൻ ആരുണ്ട്? ഡൽഹിയിലും വിജയക്കുതിപ്പ് തുടർന്ന് ചെന്നൈ
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴു വിക്കറ്റ് ജയം; സീസണിലെ തുടർച്ചയായ അഞ്ചാം വിജയം
ഐപിഎല്ലിൽ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടിക്ക് കണക്കുതീർത്ത് കുതിപ്പ് തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യ മത്സരത്തിൽ ഡൽഹിയോട് തോറ്റ ശേഷം പിന്നീട് ചെന്നൈക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഏഴു വിക്കറ്റ് ജയത്തിലൂടെ പോയിന്റ് ടേബിളിൽ മേധാവിത്വമുറപ്പിച്ചാണ് സിഎസ്‌കെയുടെ കുതിപ്പ്. ഈ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണിത്.
കളംനിറഞ്ഞ് ഫാഫ്-ഗെയ്ക്ക് സഖ്യം
സൺറൈസേഴ്‌സ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഒൻപതു പന്തുകൾ ബാക്കിനിൽക്കെയാണ് ചെന്നൈ മറികടന്നത്. ഒരിക്കൽ കൂടി സെഞ്ച്വറി കൂട്ടുകെട്ടുമായി കളംനിറഞ്ഞുകളിച്ച ഓപണിങ് ജോഡി ഫാഫ് ഡുപ്ലെസി-ഋതുരാജ് ഗെയ്ക്ക്‌വാദ് സഖ്യമാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിൽ നായകൻ ഡെവിഡ് വാർണർ ടച്ചിലെത്താൻ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. മികച്ച ഫോമിലുള്ള ജോണി ബെയർസ്‌റ്റോയെ തുടക്കത്തിലേ സാം കറൻ പറഞ്ഞയച്ചു. മൂന്നാമനായെത്തിയ മനീഷ് പാണ്ഡെയും വാർണറും ചേർന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ട് ഒരു ഘട്ടത്തിൽ ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുമെന്നു കരുതപ്പെട്ടിരുന്നു.
മനീഷ് പാണ്ഡെ നേരിട്ട ആദ്യ പന്തുമുതൽ തന്നെ ആക്രമണമൂഡിലായിരുന്നെങ്കിലും മറുവശത്ത് നായകന്റെ ഇന്നിങ്‌സ് ഇഴഞ്ഞിഴഞ്ഞായിരുന്നു. 106 റൺസിൻറെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഉയർത്തിയാണ് സഖ്യം പിരിഞ്ഞത്. വാർണർ 55 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 57 റൺസും പാണ്ഡെ 46 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 61 റൺസും സ്വന്തമാക്കി. പിന്നീട് ഭേദപ്പെട്ട സ്‌കോറിനുള്ള സാധ്യതയും മങ്ങുന്നതിനിടെ അവസാന ഓവറുകളിൽ കെയിൻ വില്യംസൺ(10 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതം 26 റൺസ്) ആഞ്ഞടിച്ചതോടെയാണ് ഹൈദരാബാദ് വിജയ പ്രതീക്ഷയുള്ള ടോട്ടലിലെത്തിയത്. കേഥാർ ജാധവു(നാല് പന്തിൽ ഒരു സിക്‌സും ഒരു ഫോറും സഹിതം 12 റൺസ്)മായി ചേർന്ന് നാലാം വിക്കറ്റിൽ 13 പന്തിൽനിന്ന് 37 റൺസാണ് സൺറൈസേഴ്‌സ് നേടിയത്. ചെന്നൈ ബൗളിങ് നിരയിൽ ലുംഗി എൻഗിഡി രണ്ടു വിക്കറ്റും സാം കറൻ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും പിടിനൽകാതെ വിജയലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു ഫാഫ്-ഗെയ്ക്ക്‌വാദ് സഖ്യം. പവർപ്ലേ മുതൽ ആക്രമണമൂഡിലായിരുന്ന ഡൂപ്ലെസി മികച്ച ഫോം മാറ്റമില്ലാതെ തുടർന്നപ്പോൾ ഗെയ്ക്ക്‌വാദിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. ബൗളർമാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും സഖ്യം പിരിക്കാൻ ഹൈദരാബാദിനായില്ല. ഇതിനിടെ ഡൂപ്ലെസിയും ഗെയ്ക്ക്‌വാദും അർധ സെഞ്ച്വറിയും പിന്നിട്ടു. റാഷിദ് ഖാനെയടക്കം തുടർച്ചയായി അതിർത്തികടത്തി ഗെയ്ക്ക്‌വാദ് കൂടുതൽ അപകടകാരിയാകുന്നതാണ് പിന്നീട് കണ്ടത്. 13-ാമത്തെ ഓവറിൽ റാഷിദ് ഖാൻ ഗെയ്ക്ക്‌വാദിനെ ബൗൾഡ് ആക്കിയപ്പോഴാണ് ഹൈദരാബാദ് സംഘത്തിന് നേരിയ ശ്വാസമെങ്കിലും താഴെവീണത്. 44 പന്തിൽ 12 ഫോറുകളുമായി 75 റൺസാണ് ഗെയ്ക്ക്‌വാദിന്റെ സമ്പാദ്യം. സഖ്യം പിരിയുമ്പോൾ ഫാഫും ഗെയ്ക്ക്‌വാദും ചേർന്ന് 78 പന്തിൽനിന്ന് 129 റൺസാണ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറിൽ ഡൂപ്ലെസിയെയും(38 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 56 റൺസ്), മോയിൻ അലിയെയും(എട്ടു പന്തിൽ മൂന്നു ഫോറുകൾ സഹിതം 15 റൺസ്) പുറത്താക്കി റാഷിദ് ഖാൻ വീണ്ടും സൺറൈസേഴ്‌സിന് പ്രതീക്ഷ നൽകിയെങ്കിലും തുടർന്ന് വന്ന രവീന്ദ്ര ജഡേജയും(7), സുരേഷ് റെയ്‌നയും(17) ചേർന്ന് ചെന്നൈയുടെ വിജയം പൂർണമാക്കി.
ടേബിൾ ടോപ്പറായി ചെന്നൈ; റെക്കോർഡുകളുടെ തോഴൻ വാർണർ
വിജയത്തോടെ സിഎസ്‌കെ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതായി. ആർസിബിയെ പിന്നിലാക്കിയാണ് വീണ്ടും ടേബിൾ ടോപ്പറായത്. ഫാഫ് ഡൂപ്ലേസി 270 റൺസുകളുമായി റൺവേട്ടക്കാരിലും ഒന്നാമനായി.
അതേസമയം, മത്സരത്തിൽ സൺറൈസേഴ്‌സ് നായകൻ ഡേവിഡ് വാർണർ വിവിധ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ടി20 മത്സരങ്ങളിൽ പതിനായിരം റൺസെന്ന നാഴികക്കല്ലാണ് വാർണർ പിന്നിട്ടത്. ഒപ്പം 200 ഐപിഎൽ സിക്‌സറുകളും ഐപിഎല്ലിൽ 50 അർധ സെഞ്ച്വറികൾ തികക്കുന്ന ആദ്യ താരമെന്ന നേട്ടവും വാർണർ സ്വന്തമാക്കി. 148 മത്സരങ്ങളിൽ നിന്നാണ് വാർണറിൻറെ നേട്ടം. ഐപിഎല്ലിൽനിന്നു മാത്രമായി വാർണർ 5,445 റൺസും സ്വന്തമാക്കിയിട്ടുണ്ട്.