കെഎഎസ് മെയിൻ പരീക്ഷ മാറ്റിനടത്തണം; ആവശ്യവുമായി ഉദ്യോഗാർത്ഥികൾ
പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നില്ലെന്ന് പരാതി
കെഎഎസ് മെയിൻ പരീക്ഷ മാറ്റിനടത്തണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നില്ലെന്ന ആരോപണവുമായാണ് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.
പിഎസ്‌സി നടത്തിയ ഏറ്റവും ഉയർന്ന മത്സരപരീക്ഷയായ കെഎഎസിന്റെ ആദ്യ പരീക്ഷയെച്ചൊല്ലിയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പരീക്ഷ നടന്നിരുന്നത്. ഇതിൽ വിവരണാത്മകമായ മെയിൻ പരീക്ഷയെക്കുറിച്ചാണ് ആക്ഷേപം.
കെഎഎസ് ചട്ടങ്ങൾ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷ യുപിഎസ്‌സിയുടെ അതേ സ്‌കീമിൽ നടത്തുമെന്ന വാഗ്ദാനം ലംഘിച്ചു. യുപിഎസ്‌സി പരീക്ഷകളിൽ സാധാരണ ഉദ്യോഗാർത്ഥികളാണ് മുദ്രവച്ച ചോദ്യപേപ്പർ പൊട്ടിച്ചു പുറത്തെടുക്കാറ്. എന്നാൽ, കെഎഎസിന്റെ തന്നെ പ്രിലിംസിൽനിന്ന് വ്യത്യസ്തമായി മെയിൻസ് പരീക്ഷയിൽ മുദ്രവച്ച കവറിലായിരുന്നില്ല ചോദ്യപേപ്പറുകൾ ലഭിച്ചത്. ഇതിനാൽ ചോദ്യങ്ങൾ നേരത്തെ ചോർന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
യുപിഎസ്‌സി വിവരണാത്മക പരീക്ഷകളിൽ രണ്ടുതരത്തിലുള്ള ചോദ്യങ്ങളാണ് സാധാരണയുണ്ടാവാറ്. 10 മാർക്കിന്റെയും 15 മാര്ക്കിന്റെയും ചോദ്യങ്ങളില്‍ ആദ്യത്തേതിന്‍റെ ഉത്തരം നൂറു വാക്കും രണ്ടാമത്തേത് 150 വാക്കും കവിയരുതെന്ന് കൃത്യതയുണ്ടായിരിക്കും. അതിന് ആനുപാതികമായി ഉത്തരമെഴുതാനുള്ള സ്ഥലവും ഉണ്ടായിരിക്കും. കെഎഎസ് പരീക്ഷയിൽ മൂന്നു മാർക്കിനും അഞ്ചു മാർക്കിനുമാണ് ചോദ്യങ്ങളുണ്ടായിരുന്നത്. ഇതിൽ എത്ര വാക്കിൽ എഴുതണമെന്ന് ക്ലിപ്തപ്പെടുത്തിയിരുന്നില്ല. ഉത്തരപേപ്പറിൽ മതിയായ സ്ഥലവും ഉണ്ടായിരുന്നില്ല.
റാങ്ക്‌ലിസ്റ്റ് പുറത്തുവന്നപ്പോൾ ഐഎഎസ് പരീക്ഷയിൽ ഇന്റർവ്യു ഘട്ടത്തിൽ എത്തിയവർ വരെ പുറത്താകുന്ന സ്ഥിതിയുമുണ്ടായി. മറ്റു പലരും പട്ടികയിൽ കയറിപ്പറ്റുകയും ചെയ്തു. ഇതേക്കുറിച്ചെല്ലാം ഉദ്യോഗാർത്ഥികൾ ആദ്യഘട്ടത്തിൽ പിഎസ്‌സി ചെയർമാനു പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് വീണ്ടും പരാതി നൽകി. എന്നാൽ, അനുകൂല സമീപനം കാണാത്ത പശ്ചാത്തലത്തിൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരിക്കുകയാണ്. ഈ മാസം അവസാനത്തോടുകൂടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും സമീപിക്കാനിരിക്കുകയാണ് ഇവർ.
അതേസമയം, ആരോപണങ്ങൾ പിഎസ്‌സി നിഷേധിച്ചു. പരീക്ഷ മാറ്റിനടത്തണമെന്ന പരാതിക്കാരുടെ ആവശ്യം പരിഗണിച്ചിട്ടുമില്ല. ആരോപണങ്ങളിൽ കഴമ്പില്ലെന്നാണു വിശദീകരണം. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും ആവശ്യമെങ്കിൽ സുപ്രീംകോടതിയെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർത്ഥികൾ.