മുൻകൂർ അപ്പോയ്മെന്‍റ് വേണ്ട: 65 കഴിഞ്ഞവര്‍ക്ക് നേരിട്ട് വന്ന് കുത്തിവെപ്പെടുക്കാമെന്ന് കുവൈത്ത്
ഇക്കാര്യത്തിൽ സ്വദേശി വിദേശി വ്യത്യാസം ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്
കുവൈത്തിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മുൻകൂർ അപ്പോയ്മെന്‍റ് എടുക്കാതെ കോവിഡ് വാക്സിൻ എടുക്കാം. ഇത്തരക്കാർക്ക് നേരിട്ട് വാക്സിനേഷൻ സെന്‍ററിൽ പോയി കുത്തിവെപ്പെടുക്കാമെന്നു അധികൃതർ അറിയിച്ചു.
ആണ് ഇക്കാര്യം അറിയിച്ചത്. 65 വയസ്സു കഴിഞ്ഞ ആർക്കും ഓൺലൈൻ അപ്പോയ്മെന്‍റ് എടുക്കാതെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ ചെന്ന് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാവുന്നതാണ് . ഇക്കാര്യത്തിൽ സ്വദേശി വിദേശി വ്യത്യാസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
65 വയസ്സിന് മുകളിലുള്ളവരെയാണ് ആദ്യം കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ മുൻഗണനയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലെ രജിസ്റ്റർ ചെയ്തവരുടെ കുത്തിവെപ്പ് പൂർത്തിയായിട്ടുണ്ട്. ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ നേരിട്ട് ചെന്ന് കുത്തിവെപ്പെടുക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താലേ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും മുഴുവൻ രാജ്യനിവാസികളും എത്രയും വേഗം വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്നും ഡോ. അബ്ദുല്ല അൽ സനദ് അഭ്യർഥിച്ചു. പരമാവധി പേർക്ക് പെട്ടന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. വാക്സിൻ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടതോടെ കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് നീക്കം. സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.