പുസ്‌തകപ്രേമികൾക്ക് തിരിച്ചടി; ‘പ്രിന്റഡ് ബുക് പോസ്റ്റ്’ സേവനം അവസാനിപ്പിച്ച് തപാൽ വകുപ്പ്

ഇനി ബുക്കും മാഗസിനുകളും അയക്കാനുള്ള ചെലവ് ഇരട്ടിയാകും

Update: 2024-12-23 15:53 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: പുസ്‌തക പ്രേമികളെയും ബുക്ക് സ്റ്റാളുകളെയും ഞെട്ടിച്ച് 'ബുക്ക് പോസ്റ്റ്' സേവനം നിർത്തലാക്കി ഇന്ത്യ പോസ്റ്റ്. അച്ചടിച്ച പുസ്‌തകങ്ങളും മാഗസിനുകളും അയക്കുന്ന ‘പ്രിന്റഡ് ബുക് പോസ്റ്റ്’ സേവനമാണ് പെട്ടെന്ന് അവസാനിപ്പിച്ചത്. ഒപ്പം രജിസ്റ്റേഡ് പ്രിന്റഡ് ബുക്‌സ്‌ സേവനവും രജിസ്റ്റേഡ് പാറ്റേൺ ആൻഡ് സാംപിൾ പാക്കറ്റ് സേവനവും നിർത്തലാക്കിയിട്ടുണ്ട്.

രജിസ്റ്റേഡ് കത്തുകളുടെ പരമാവധി ഭാരം ഇനി 500 ഗ്രാം ആയിരിക്കും. ഇതുവരെ 2,000 ഗ്രാം വരെ അയക്കാൻ സാധിക്കുമായിരുന്നു. ലൈബ്രറികൾ, പ്രസിദ്ധീകരണ ശാലകൾ തുടങ്ങിയവയടക്കമുള്ള ഉപയോക്താക്കൾക്ക് പതിറ്റാണ്ടുകളായി ലഭിച്ചുവന്ന സേവനമാണ് അവസാനിച്ചിരിക്കുന്നത്. യാതൊരു ചർച്ചയോ മുന്നറിയിപ്പോ കൂടാതെയാണ് സർക്കാറിന്റെ നീക്കം. കഴിഞ്ഞയാഴ്‌ച അർധരാത്രി തപാൽ സോഫ്‌റ്റ്‌വെയറിൽ നിന്ന് ആർബിപി കാറ്റഗറി ഒഴിവാക്കിയിരുന്നു. തപാൽ ജീവനക്കാർ പോലും പിന്നീടാണ് വിവരമറിഞ്ഞത്.

600 ഗ്രാമുള്ള ഒരു സാധനം അയയ്ക്കാൻ കഴിഞ്ഞ ദിവസംവരെ 21 രൂപ നൽകേണ്ടി വന്നത് ഇന്നലെ മുതൽ 61 രൂപയായി. ഷിപ്പിംഗ് ചാർജുകൾ കുതിച്ചുയരുന്നതിനാൽ 100 രൂപ വിലയുള്ള ഒരു പുസ്‌തകത്തിന് 78 രൂപ തപാൽ ചാർജ് നൽകാൻ പല വായനക്കാരും മടിക്കുകയാണ്. തീരുമാനം ഇന്ത്യയുടെ ഇതിനകം ദുർബലമായ വായനാ സംസ്‌കാരത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് ഉയരുന്ന വിമർശനം.

സാമ്പിൾ ബുക്കുകൾക്ക് 5% ഇറക്കുമതി തീരുവ ചുമത്തുന്നതാണ് മറ്റൊരു തിരിച്ചടി. വിദേശ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളുടെ വിവർത്തനങ്ങളുടെ കോംപ്ലിമെൻ്ററി കോപ്പികൾ വിദേശ പ്രസാധകർ ഇടയ്ക്കിടെ അയക്കുന്നുണ്ട്. സർക്കാർ ഇത്തരമൊരു ഡ്യൂട്ടി ചുമത്തുന്നത് ഇതാദ്യമാണ്. വാണിജ്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന പുസ്‌തകങ്ങൾക്ക് നികുതി ചുമത്തുന്നത് ന്യായീകരിക്കാനാകുമെങ്കിലും, വാണിജ്യേതര സാമ്പിൾ കോപ്പികൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്നത് എങ്ങനെ വിശദീകരിക്കുമെന്നാണ് വിമർശകരുടെ ചോദ്യം.

സർക്കാരിൻ്റെ ഏകപക്ഷീയമായ നടപടികളുടെ മറ്റൊരു ഉദാഹരണമാണ് ഈ തീരുമാനമെന്നും വിമർശനം ഉയരുന്നുണ്ട്. അതേസമയം, മണി ഓർഡർ സേവനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് മണി ഓർഡർ സേവനം വഴി പരമാവധി അയയ്ക്കാവുന്ന തുക 10,000 രൂപയാക്കി. നേരത്തെ 5000 രൂപയായിരുന്നു. ഇനി 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെയുള്ള നാലു മൂല്യങ്ങളിലുള്ള ഇന്ത്യൻ പോസ്റ്റൽ ഓർഡറുകളേ നിലവിലുണ്ടാകൂ. 

വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യവ്യാപകമായി അറിവിൻ്റെ വ്യാപനം സുഗമമാക്കുന്നതിനും വേണ്ടി ആരംഭിച്ചതായിരുന്നു 'ബുക്ക് പോസ്റ്റ്' സേവനം. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ സേവനം അനുവദിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News