യാത്രാവിലക്കുമായി കൂടുതൽ രാജ്യങ്ങൾ
ഇറാനും ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി; യുഎഇ, ഒമാൻ വിലക്ക് പ്രാബല്യത്തിൽ
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി കൂടുതൽ രാജ്യങ്ങൾ. ഇറാനാണ് പുതുതായി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. യുഎഇയിലേക്കും ഒമാനിലേക്കുമുള്ള വിലക്ക് ഇന്നലെ രാത്രിയോടെ പ്രാബല്യത്തിൽവന്നു.
ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയാണ് വിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ്, ബ്രസീലിൻ വകഭേദങ്ങളെക്കാളും അപകടകാരിയാണ് ഇന്ത്യയിലെ കൊറോണ വൈറസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനിൽനിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്. ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള എല്ലാ വിമാനസർവീസുകളും കഴിഞ്ഞ ദിവസത്തോടെ നിർത്തിവച്ചിരുന്നു. രാത്രി 11.59ഓടെയാണ് മുഴുവൻ സർവീസുകളും നിർത്തിയത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നതായി ഒമാനും അറിയിച്ചിട്ടുണ്ട്. ഒമാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും ഇവിടെ വിലക്കുണ്ട്.
കഴിഞ്ഞ ദിവസം കുവൈത്തും ഇന്ത്യയ്ക്ക് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് വിലക്കുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ, ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് വന്ദേഭാരത് സർവീസ് വഴി കുവൈത്തിലെത്തിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യൻ യാത്രികർക്കുള്ള വിലക്ക് സമ്പൂർണമായത്.
വിലക്കിനു തൊട്ടുമുമ്പുള്ള മണിക്കൂറിൽ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. യാത്രാവിലക്ക് യാഥാർഥ്യമായതോടെ മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ നാട്ടിലും കുടുങ്ങിയിട്ടുണ്ട്.