എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധമുള്ളവരെന്ന് കാസ
കഴിഞ്ഞ ദിവസം എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികരും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് കാസയുടെ പ്രതികരണം
കൊച്ചി: കുർബാന തർക്കത്തെത്തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധമുള്ളവരെന്ന് തീവ്രകൃസ്ത്യൻ സംഘടനയായ കാസ. കഴിഞ്ഞ ദിവസം എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും വൈദികരടക്കം നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികരും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. കാക്കനാട് സെന്റ്തോമസ് മൗണ്ടിൽ സിറോ മലബാർ സിനഡ് സമ്മേളനം നടക്കുന്നതിനിടയിലാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികർ എറണാകുളം ബിഷപ്സ് ഹൗസിനുള്ളിൽ കയറി പ്രതിഷേധം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഇടപെട്ട പൊലീസിന് നേരെ കൈയ്യേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാസയുടെ പ്രതികരണം.
എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് നേതൃത്വം നൽകിയ ആളുകൾ പലരും ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഇസ്ലാമിക മതമൗലികവാദ സംഘടനകളുമായ വളരെ അടുത്ത ബന്ധം പുലർത്തുന്നതും പല ഇടപാടുകളും നടത്തുന്നവരാണെന്നും അത സഭാ നേതൃത്വത്തിന് നന്നായി അറിയാമെന്നുമാണ് കാസ ആരോപിക്കുന്നത്.
കഴിഞ്ഞദിവസം കുർബാനയുടെ പേരിൽ എറണാകുളത്തെ ബിഷപ്പ് ഹൗസിനുള്ളിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പോലീസ് നടപടിക്ക് വഴിവെച്ചതും പൊതു സമൂഹത്തിനുമുന്നിൽ ക്രിസ്ത്യൻ സമുദായത്തിന് അവമതിപ്പ് ഉണ്ടാക്കി. സീറോ മലബാർ രൂപതകളിൽ ഏറ്റവും അധികം സമ്പത്തും സ്ഥാപനങ്ങളും ഉള്ള രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇപ്പോഴുള്ള പ്രശ്നം കേവലം കുർബാനപ്രശ്നം മാത്രമല്ല. സഭാ നേതൃത്വം എടുക്കേണ്ട ഓരോ ഒരോ നടപടികളും ശക്തമായി എടുത്തിരുന്നുവെങ്കിൽ ഒരിക്കലും ഇത്തരം പ്രശ്നങ്ങൾ സഭക്കുള്ളിൽ ഉണ്ടാകുമായിരുന്നില്ല. കാസയെ പോലെയുള്ള സംഘടനകളെ അല്ല ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് പകരം വിളവ് തിന്നുന്ന ഇത്തരം വേലികളാണ് പൊളിച്ചു മാറ്റേണ്ടത് എന്ന് സഭാ നേതൃത്വത്തിലെ ഏതാനം ചിലരെ അനുകൂലിക്കുന്നവർ ഇനിയെങ്കിലും തിരിച്ചറിയണമെന്നും കാസ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞദിവസം കുർബാന ഏക വിഷയത്തിന്റെ പേരിൽ എറണാകുളത്തെ ബിഷപ്പ് ഹൗസിനുള്ളിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങൾ ഉണ്ടാക്കി പോലീസ് നടപടിക്ക് വഴിവെച്ച് പൊതു സമൂഹത്തിനുമുന്നിൽ ക്രിസ്ത്യൻ സമുദായത്തിന് അവമതിപ്പ് ഉണ്ടാക്കിയ 21 വൈദികരിൽ 6 വൈദികരെ സസ്പെൻഡ് ചെയ്യുകയും ബാക്കിയുള്ള 15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരിക്കുകയാണ്.
സീറോ മലബാർ രൂപതകളിൽ ഏറ്റവും അധികം സമ്പത്തും സ്ഥാപനങ്ങളും ഉള്ള രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇപ്പോഴുള്ള പ്രശ്നം കേവലം എങ്ങോട്ട് തിരിഞ്ഞുനിന്ന് കുർബാന ചൊല്ലണമെന്ന് ഉള്ളതല്ല, മറിച്ച് അത് എന്തുകൊണ്ടാണെന്ന് സഭാ നേതൃത്വത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കും മാത്രമല്ല ബോധമുള്ള കേരളത്തിലെ സാധാരണ ക്രിസ്ത്യൻ വിശ്വാസികൾക്കും വരെ വളരെ വ്യക്തമായി അറിയാം.
എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് നേതൃത്വം നൽകിയ ആളുകൾ പലരും ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഇസ്ലാമിക മതമൗലികവാദ സംഘടനകളും ആയി വളരെ അടുത്ത ബന്ധം പുലർത്തുന്നതും പല ഇടപാടുകളും നടത്തുന്നവരും തന്നെയാണ് ഇതും സഭാ നേതൃത്വത്തിന് നന്നായി അറിയാം.
ഇവിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളിൽ മനം മടുത്ത സഭാ സ്നേഹികളായ കുറച്ച് ആളുകൾ രൂപം കൊടുത്ത സംഘടനകളും അതിലെ ആത്മാർത്ഥതയുള്ള കുറച്ച് വിശ്വാസികളും ഉള്ളതുകൊണ്ട് മാത്രമാണ് എറണാകുളം അങ്കമാലി അതിരൂപതക്കുള്ളിൽ വിമതരായ പാപികളുടെ കൊള്ളരുതായ്മകൾക്കെതിരെ പ്രതിരോധിച്ചു നിൽക്കുവാൻ ഇത്രയും കാലം സാധിച്ചത് അല്ലെങ്കിൽ ഈ രൂപത പണ്ടേ കുളം തോണ്ടുമായിരുന്നു, എന്നിട്ടും അക്രമം കാട്ടിയവർക്കെതിരെ ഒരു വാക്കുപോലും ശക്തമായി ഉരിയാടാതെ സഭാ നേതൃത്വത്തിന് അനുകൂലമായി നിന്ന് വിമത ഗുണ്ടകളെ നേരിടുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ സഭാ സ്നേഹികളായ വിശ്വാസികളുടെ സംഘടനകളെ തള്ളിപ്പറയുന്ന നേതൃത്വത്തിന്റെ കുറിപ്പും ഇന്നലെ കാണുവാനിടയായി.
ഇതേ രീതിയിൽ തള്ളിപ്പറയുകയും ഒപ്പം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിൻ്റെ ഉത്തരവാദിത്വം എല്ലാമെടുത്ത് കാസയുടെ തലയിൽ ഇട്ടു തരും എന്നുള്ളത് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ കാസ നേരിട്ട് ഇടപെടാതെ മാറി നിൽക്കുന്നതിന്റെ കാരണവും
സഭാ ശത്രുക്കളിൽ നിന്നും അച്ചാരം വാങ്ങി പാരമ്പര്യ വാദം ഉയർത്തി വൈകാരികമായി വിശ്വാസികളെ ഉത്തേജിപ്പിച്ചു കൊണ്ട് സഭയുടെ ഉള്ളിൽ മനപ്പൂർവം ഭിന്നിപ്പുണ്ടാക്കുന്ന വൈദിക വേഷധാരികളെയും അവർ നൽകുന്ന എല്ലിൽ കക്ഷണം നക്കി സഭയെ ഒറ്റുന്ന അൽമായ മൊണ്ണകളും ചേർന്ന് ക്രിസ്തുവിന്റെ മൗതീക ശരീരമായ പരിശുദ്ധ സഭയെ തെരുവിൽ ഇട്ട് അടിക്കുകയും തൊഴിക്കുകയും ചെയുമ്പോൾ ഇവന്മാരുടെ യജമാനൻ ആയ അന്തി ക്രിസ്തു ഊറി ഊറി ചിരിക്കുകയാണെന്ന കാര്യം ആരും വിസ്മരിക്കരുത്.
സഭാ നേതൃത്വം എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളുകൾക്കെതിരെ വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് ഔദ്യോഗികമായി ആഹ്വാനം നൽകിയാൽ ഇനിയൊരിക്കലും ഇവനൊക്കെ തെരുവിൽ ഇറങ്ങി ഇതുപോലുള്ള ആഭാസം കാണിക്കാതിരിക്കാനുള്ള പണി അത് കാസയ്ക്കറിയാം. അത് പ്രാവർത്തികമാക്കാനുള്ള മനസ്സും ആർജവവും ഉള്ള ക്രിസ്തു വിശ്വാസികളാണ് സഭാ റീത്തു വ്യത്യാസം ഏതും ഇല്ലാതെ കാസയിൽ അണിചേർന്നിരിക്കുന്നതും.
എന്നാൽ സഭാ നേതൃത്വം ശക്തമായ നടപടികൾ സ്വീകരിക്കുകയുമില്ല സഭയ്ക്കും സഭ നേതൃത്വത്തിനും വിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന വിശ്വാസികളെയും വിശ്വാസികളുടെ സംഘടനകളെയും പിന്തുണയ്ക്കുകയുമില്ല എന്നുള്ളതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സഭാ നേതൃത്വം എടുക്കേണ്ട ഓരോ ഒരോ നടപടികളും ശക്തമായി എടുത്തിരുന്നുവെങ്കിൽ ഒരിക്കലും ഇത്തരം പ്രശ്നങ്ങൾ സഭക്കുള്ളിൽ ഉണ്ടാകുമായിരുന്നില്ല. സത്യദീപം എന്നു പറയുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ മാഗസിനിൽ വന്ന ആദ്യ ലേഖനം എഴുതിയ ആളെ തന്നെ തൂക്കിയെടുത്ത് ഉത്തരേന്ത്യയിലേക്ക് മിഷൻ പ്രവർത്തനത്തിന് അയച്ചിരുന്നുവെങ്കിൽ ഇന്ന് പൊതുസമൂഹത്തിനു മുന്നിൽ കത്തോലിക്കാ സഭ ഇതേ രീതിയിൽ അപഹാസ്യരായി നിൽക്കേണ്ടതിന്റെയും ആവശ്യം വരുമായിരുന്നില്ല.
ഇപ്പോഴും അനുഭവങ്ങളിൽ നിന്നും സഭാ നേതൃത്വം ഒരു പാഠവും പഠിച്ചിട്ടില്ല, സഭയുടെ പരമോന്നത അധ്യക്ഷനായ മാർപാപ്പ എടുക്കുന്ന ശക്തമായ നിലപാടുകൾ പോലും പ്രാവർത്തികമാക്കാൻ ഇവിടുത്തെ നേതൃത്വത്തിന് കഴിയുന്നില്ല, ആ നേതൃത്വ നിരക്കുള്ളിൽ നിന്നുകൊണ്ടും സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന ആളുകളെ പോലും ഫലപ്രദമായി തടയുവാൻ സാധിക്കുന്നില്ല എന്നതാണ് പരിതാപകരം.
അരമനയ്ക്കുള്ളിൽ അതിക്രമിച്ച് കടന്നു പ്രശ്നങ്ങൾ ഉണ്ടാക്കിയ 21 പേരും ഒരേ കുറ്റം തന്നെയാണ് ചെയ്തിരിക്കുന്നത് അവരിൽ നേതൃത്വം കൊടുത്തവരെന്നോ ഒപ്പം നിന്നവരെന്നോ ഉള്ള വേർതിരിവ് കാണിക്കേണ്ടതിന്റെ ആവശ്യമില്ല.......... കാരണം സാധാരണ വിശ്വാസികളെ തെറ്റും ശരിയും പാപവും അനുസരണയും എല്ലാം പഠിപ്പിക്കുന്ന ആളുകളായ ആ വൈദികർക്ക് തങ്ങൾ ചെയ്യുന്ന തെറ്റ് എന്താണെന്ന് വ്യക്തമായി അറിയാവുന്നവർ തന്നെയാണ്, അതുകൊണ്ടുതന്നെ ആ 21 പേരെയും സസ്പെൻഡ് ചെയ്യേണ്ടതും അവർ വഹിച്ചുകൊണ്ടിരുന്ന ചുമതലകളിൽ നിന്നും ഒഴിവാക്കി അവരെ സഭയുടെ മറ്റു പ്രവർത്തനങ്ങൾക്കായി രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് നിയോഗിക്കുകയുമാണ് ചെയ്യേണ്ടത്.
അവരിൽ എടുത്തു പറയേണ്ട ഒരു വ്യക്തിയാണ് ജെയിംസ് പനവേലി എന്നു പറയുന്ന യുവ വൈദിക വേഷധാരി. സീറോ മലബാർ സഭയിൽ ഇത്രയും അഹങ്കാരിയും ക്രിസ്ത്യൻ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്യുന്നതുമായ ഒരു യുവ വൈദികൻ വേറെയില്ല, വൈദിക വേലയിൽ കാലെടുത്തുവെച്ച കാലം മുതൽ തന്നെ ഇദ്ദേഹം ഇത്തരം അഹങ്കാരവും തന്നിഷ്ടവും അസന്മാർഗ്ഗവുമാണ് സ്വീകരിക്കുന്നതെങ്കിൽ ഭാവിയിൽ ഈ സഭയെ ഏതു രീതിയിലിവർ കൊണ്ടുപോകും എന്നുള്ളത് ഊഹിക്കാവുന്നതുമാത്രമാണ് !
സ്വവർഗ അനുരാഗത്തെ സപ്പോർട്ട് ചെയ്യുന്ന യുവ വൈദികനായ ജെയിംസ് പനവേലി തൃപ്പൂണിത്തുറയിലെ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് LGBTQ നക്ഷത്രം പള്ളിയിൽ ഉയർത്തി വിശ്വാസികളെ അപമാനിച്ചിരുന്നു , കൂടാതെ ചുംബന സമരത്തിന് ജെയിംസ് പനവേലിയുടെ പിന്തുണയും വിസ്മരിക്കാനാവാത്തതാണ് ............ ഈ മഹാൻ റോമിലെ വൈദിക പഠനകാലത്ത് ഒരു വൈദികന് ഒരിക്കലും ചേരാത്ത പ്രവർത്തികൾ കാണിച്ചതിന്റെ പേരിൽ ഒരു വർഷത്തെ സസ്പെൻഷൻ നേരിടുകയും തുടർന്നു ഒരു വർഷത്തോളം കാലം ഇന്ത്യയിൽ എത്തി ഉത്തരേന്ത്യയിലെ ഒരു വൈദികന്റെ കൂടെ കഴിയേണ്ടതായി വന്നിട്ടുണ്ടെന്ന് അക്കാലത്ത് റോമിൽ സേവനമനുഷ്ഠിച്ച ചില വൈദികർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ജെയിംസ് പനവേലിയെ പോലെയുള്ള യുവ വൈദികരെ കയറൂരി വിട്ടാൽ ഭാവിയിൽ ക്രിസ്ത്യൻ സമുദായം പൊതു സമൂഹത്തിനുമുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവരും എന്നതു ഉറപ്പാണ് , എന്നുമാത്രമല്ല മാർപാപ്പ മുൻപ് മാപ്പ് പറഞ്ഞതുപോലെ കേരളത്തിലെ വിശ്വാസികളുടെ കുടുംബങ്ങളോട് ഇവിടെയും മാപ്പ് പറയേണ്ടതായും വരും
കാരണം സഭയോടോ വിശ്വാസികളോടോ യാതൊരുവിധ സ്നേഹമോ ബാധ്യതയോ ഉത്തരവാദിത്വമോ ഉള്ള വൈദികനല്ല ഇദ്ദേഹം..........ഇദ്ദേഹം ഏതെങ്കിലും ഇടവകയിൽ സേവനമനുഷ്ഠിക്കാൻ ഇടയായാൽ ആ ഇടവകയിലെ യുവതി യുവാക്കളെ ഇയാൾ വഴിതെറ്റിക്കും എന്നതുറപ്പാണ്.
ഇസ്ലാമിക മതമൗലികവാദ സംഘടനകളും ആയി അടുത്ത ബന്ധം പുലർത്തുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ തണലിൽ വിലസുന്ന ഈ ജെയിംസ് പനവേലിയെ പോലെയുള്ളവർ പൊളിറ്റിക്കൽ ഇസ്ലാം പ്രതിരോധത്തിൽ ആയ സന്ദർഭത്തിൽ ഒക്കെ തന്നെയും സ്വന്തം വിശ്വാസികളെ ദൈവസ്നേഹവും സാഹോദര്യവും ക്ഷമയും പഠിപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
പക്ഷേ ഈ സ്നേഹവും സാഹോദര്യവും ക്ഷമയും സഹനവും അനുസരണവും ഒന്നും ജെയിംസ് പനവേലി എന്ന യുവ വൈദികൻ സ്വന്തം സഭയിലെ സഹ വൈദികരോടോ പിതാക്കന്മാരോടോ അവരുടെ നിർദ്ദേശങ്ങളോടോ കാട്ടിയിട്ടില്ല , എന്നു മാത്രവുമല്ല ആലഞ്ചേരി പിതാവിനെ വരെ പരസ്യമായി അവഹേളിക്കുക വരെ ചെയ്തിട്ടുണ്ട് ഈ മഹാൻ !
കാശ്മീർ ഫയൽസ് എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ദൈവ സ്നേഹവും സാഹോദര്യവും ക്ഷമയും സഹനവും പറഞ്ഞ് രംഗത്തെത്തിയ ജെയിംസ് പനവേലി പക്ഷേ സ്വന്തം സഹോദരങ്ങൾ വില കൊടുത്തു വാങ്ങിയ മണ്ണിലെ നിലനിൽപ്പിനു വേണ്ടി മുനമ്പത്ത് നടത്തുന്ന സത്യാഗ്രഹം നൂറു ദിവസം ആകുമ്പോഴും അവർക്ക് വേണ്ടി ഒരു വാക്കുപോലും പരസ്യമായി ഉരിയാടാൻ തയ്യാറായിട്ടില്ല.
കാസയെ പോലെയുള്ള സംഘടനകളെ അല്ല ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് പകരം വിളവ് തിന്നുന്ന ഇത്തരം വേലികളാണ് പൊളിച്ചു മാറ്റേണ്ടത് എന്ന് സഭാ നേതൃത്വത്തിലെ ഏതാനം ചിലരെ അനുകൂലിക്കുന്നവർ ഇനിയെങ്കിലും തിരിച്ചറിയണം ....... അതുകൊണ്ട് തന്നെ ജയിംസ് പനവേലി എന്ന യുവ വൈദികനെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിച്ചുകൊണ്ട് പുതുതായി വൈദിക രംഗത്തേക്ക് കടന്നുവരുന്നവർക്കും നിലവിൽ വൈദികരായി കഴിഞ്ഞിട്ടുള്ളവർക്കും വ്യക്തമായ സന്ദേശം നൽകുവാൻ സഭാ നേതൃത്വം തയ്യാറാവണം.
Team CASA