ആംബുലന്‍സില്‍ വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് ആശുപത്രി; കോവിഡ് ബാധിതനായ മകനുമായി അമ്മ റോഡില്‍

കുട്ടിയുമായി അമ്മ ആശുപത്രിക്കു മുന്നിലെ റോഡില്‍ ഇരിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ പുറത്ത്

Update: 2021-04-23 06:31 GMT
By : Web Desk
Advertising

കോവിഡ് പോസിറ്റീവായാല്‍ 108 ആംബുലന്‍സില്‍ എത്തി വേണം ആശുപത്രിയില്‍ ചികിത്സ തേടാനെന്നാണ് ചട്ടം. എന്നാല്‍ ചികിത്സ തേടി ആംബുലന്‍സിലെത്തിയില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ഒരു അമ്മയെയും മകനെയും ഇറക്കിവിട്ടിരിക്കുകയാണ്. നടുറോഡില്‍ കിടക്കുന്ന മകനും സമീപത്ത് ഇരിക്കുന്ന അമ്മയും -വീഡിയോ വൈറലായിരിക്കുകയാണ്.

അഹമ്മദാബാദിലെ സരസ്പൂരിലുള്ള ശാരദാബെന്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ളതാണ് വീഡിയോ. ഇന്നലെയാണ് ഈ വീഡിയോ പുറത്തുവന്നിട്ടുള്ളത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കോവിഡ് ബാധിതനായ മകനുമായി ഈ അമ്മ ആശുപത്രിയിലേക്ക് എത്തിയത് 108 ആംബുലന്‍സിലല്ലായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചു. ശാരദാബെന്‍ ആശുപത്രിയെ ഈ അടുത്താണ് കോവിഡ് ആശുപത്രിയായി മാറ്റിയത്.


സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ശാരദാബെന്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കെത്തണമെങ്കില്‍ 108 ആംബുലന്‍സില്‍ വരണം. മാത്രവുമല്ല, ചികിത്സതേടിയെത്തിയ രോഗിയുടെ കയ്യില്‍ കോവിഡ് പോസിറ്റീവ് ആണെന്നതിന്റെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യമെല്ലാം രോഗിയോടും ബന്ധുവിനോടും പറഞ്ഞ് മനസ്സിലാക്കിയതാണെന്നും അഹമ്മദാബാദിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിനിധി പറയുന്നു.

കോവിഡ് രോഗബാധ സംശയിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാന്‍ ശാരദാബെന്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് ഏര്‍പ്പാടാക്കിയിട്ടില്ല. വന്ന രോഗിയോടും ബന്ധുക്കളോടും കോവിഡ് 19 ആണെന്ന റിപ്പോര്‍ട്ടുമായി ആംബുലന്‍സില്‍ വരണമെന്ന് പറഞ്ഞ് വിടുകയായിരുന്നു. പക്ഷേ അവര്‍ പുറത്തിറങ്ങി വീഡിയോ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രോഗി പിന്നീട് വന്ന് അഡ്മിറ്റായോ എന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വ്യക്തതയില്ല.

Tags:    

By - Web Desk

contributor

Similar News