അവസാന പത്തിനെ സ്വീകരിക്കാൻ ഹറമുകൾ ഒരുങ്ങി

ഖിയാമുല്ലൈൽ നമസ്‌കാരത്തിന് അനുമതി നേടാം

Update: 2021-04-30 03:11 GMT
Editor : Shaheer | By : Web Desk
Advertising

വിശുദ്ധ റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കാനിരിക്കെ മക്കയിലും മദീനയിലും ഒരുക്കങ്ങൾ പൂർത്തിയായി. ഹറം പള്ളിയിൽ ഖിയാമുല്ലൈൽ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അവസാന പത്തിൽ കൂടുതൽ വിശ്വാസികൾ ആരാധനയ്‌ക്കെത്തുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.

നരകമോചനത്തിനും സ്വർഗ്ഗപ്രവേശനത്തിനുമായി വിശ്വാസികൾ പ്രപഞ്ചനാഥനോട് കരളുരുകി പ്രാർത്ഥിക്കുന്ന ദിനരാത്രങ്ങളാണ് റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങൾ. വിശുദ്ധ ഖുർആനിന്റെ അവതരണം കൊണ്ടും ആയിരം മാസങ്ങളെക്കാൾ പവിത്രമായ ലൈലത്തുൽ ഖദർ എന്ന അനുഗ്രഹീത രാവ് കൊണ്ടും പവിത്രമായ അവസാനത്തെ പത്തിലെ ദിനരാത്രങ്ങളിൽ പ്രാർത്ഥനയ്ക്കായി ഹറമുകളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധവുണ്ടാകും.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷത്തെ റമദാനിൽ പൊതുജനങ്ങൾക്ക് ഹറമുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഈ റമദാനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരമാവധി വിശ്വാസികൾക്ക് അനുമതി നൽകുന്നുണ്ട്. ഹറമിലെ ഖിയാമുല്ലൈൽ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിനുള്ള പെർമിറ്റുകൾ ഇതിനകം തന്നെ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഹറമിലെത്തുന്നവരെ സേവിക്കുന്നതിനായി 400ലധികം വളണ്ടിയർമാർ സേവന സന്നദ്ധരായുണ്ടാകും.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉംറക്കോ നമസ്‌കാരത്തിനോ അനുമതിയുള്ളവരുടെ വാഹനങ്ങൾക്കുമാത്രമേ ഹറം പരിധിയിലേക്ക് പ്രവേശനാനുമതി നൽകൂ. മക്കയിലെ വിവിധയിടങ്ങളിൽ പാർക്കിങ്ങിനായി പ്രത്യേകം ക്രമീകരിച്ച സ്ഥലങ്ങളിൽ നിശ്ചിത സമയത്തേക്ക് മാത്രമാണ് വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കുക. കുട്ടികൾക്ക് ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കുന്നുമില്ല.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News