റെയിൽവേ ട്രാക്കിലെ ധീരകൃത്യം: ജീവനക്കാരന് മന്ത്രാലയത്തിന്റെ പാരിതോഷികം
മയൂർ ഷെൽക്കെക്ക് ജാവ ബൈക്ക് സമ്മാനിക്കും
ട്രാക്കിൽ വീണ ആറു വയസുകാരനെ സാഹസികമായി രക്ഷിച്ച റെയിൽവേ ജീവനക്കാരന് പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. മുംബൈക്കടുത്തുള്ള വാംഗണി റെയിൽവേ സ്റ്റേഷനിൽ പോയിന്റ്‌സ്മാനായ മയൂർ ഷെൽക്കെക്കാണ് മന്ത്രാലയം പാരിതോഷികം പ്രഖ്യാപിച്ചത്. 50,000 രൂപയാണ് സമ്മാനത്തുക.
റെയിൽവേയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കാണിച്ച ധീരതയ്ക്കും മനസ്സാന്നിധ്യത്തിനുമാണ് ഇതു നൽകുന്നതെന്ന് പറഞ്ഞ മന്ത്രി ഷെൽക്കെയെ അഭിനന്ദിക്കുകയും ചെയ്തു. നേരത്തെയും മയൂർ ഷെൽക്കെക്ക് അഭിനന്ദനവുമായി മന്ത്രി രംഗത്തെത്തിയിരുന്നു.
ജാവ മോട്ടോർ സൈക്കിളും ഷെൽക്കെക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. യുവാവിന് ജാവയുടെ പുതിയ ബൈക്ക് സമ്മാനിക്കുമെന്ന് ക്ലാസിക് ലെജൻഡ്‌സ് മേധാവി അനുപം തരേജ അറിയിച്ചു. ഷെൽക്കെയുടെ ധീരത ജാവ മോട്ടോർസൈക്കിൾ കുടുംബത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. മാതൃകാപരമായ ആ ധീരകൃത്യം ശരിക്കും ഇതിഹാസസമാനമാണ്. ജാവാ ഹീറോസ് പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിന് ജാവാ ബൈക്ക് പാരിതോഷികമായി നൽകുന്നതെന്നും തരേജ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് വാംഗണി സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽനിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ ബാലനെ ഷെൽക്കെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ട്രെയിൻ എതിരെ വരുന്നതിനിടെയായിരുന്നു നിമിഷാർധങ്ങൾക്കിടയിലെ ഷെൽക്കെയുടെ രക്ഷാപ്രവർത്തനം. ഇതിന്റെ സിസിടിവി വിഡിയോ ദൃശ്യം പുറത്തെത്തിയതോടെയാണ് സംഭവം വൻ വാർത്തയായത്. ഷെൽക്കെക്ക് അഭിനന്ദനവുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.