ഭരണവ്യവസ്ഥയിലെ വംശീയത ദേശത്തിന്റെ ആത്മാവിന് കളങ്കം: ജോ ബൈഡൻ
കോടതി വിധിയിൽ ആശ്വാസം, ഫ്‌ളോയ്ഡിന്റെ കൊലപാതത്തിന്റെ വേദന മായില്ല-കമല ഹാരിസ്
ഭരണവ്യവസ്ഥയിൽ നിലനിൽക്കുന്ന വംശീയത രാജ്യത്തിന്റെ ആത്മാവിന് കളങ്കമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ജോർജ് ഫ്‌ളോയ്ഡ് കൊലപാതകത്തിലെ കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലും പോലീസ് സംവിധാനങ്ങളിലും നിലനിൽക്കുന്ന വ്യവസ്ഥാപരമായ വംശീയതയും വംശീയമായ അസമത്വങ്ങളും നേരിടാൻ ആഹ്വാനം ചെയ്ത യു.എസ് പ്രസിഡന്റ് അക്രമങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. സാമൂഹിക നീതിയിൽ താൽപര്യമില്ലാത്ത തീവ്രവാദികളും സമരക്കാരും നിലവിലെ സാഹചര്യത്തിൽ നിലനിൽക്കുന്ന വികാരങ്ങൾ മുതലെടുക്കാൻ കാത്തിരിക്കുന്നുണ്ടെന്നും അവരെ ജയിക്കാൻ വിടരുതെന്നും രാജ്യത്തോട് അഭിസംബോധന ചെയ്യവെ ബൈഡൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ ആദ്യത്തെ കറുത്ത വംശജയായ വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസും ബൈഡനൊപ്പമുണ്ടായിരുന്നു. കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച അവർ പക്ഷെ ഇതോടെ ഫ്‌ളോയ്ഡിന്റെ കൊലയുടെ വേദന മാറില്ലെന്നും വ്യക്തമാക്കി. ഇതൊരു കറുത്ത വംശജരായ അമേരിക്കക്കാരുടെ മാത്രം പ്രശ്‌നമല്ല. മുഴുവൻ അമേരിക്കക്കാരന്റെയും പ്രശ്‌നമാണിത്. ഒരു നീതിയുടെ അളവുകോൽ തുല്യനീതിക്കു സമമല്ല. കോടതി വിധി തുല്യനീതിയിലേക്ക് ഒരുപടി കൂടി അടുപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഇനിയും വ്യവസ്ഥയെ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും കമല കൂട്ടിച്ചേർത്തു.
ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയ്ഡിനെ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് മിനിയപോളിസ് മിഡ്‌വെസ്‌റ്റേൺ കോടതി വിധി പറഞ്ഞത്. വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ ഡെരെക് ചൗവ് കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.