അടിയന്തര സഹായവുമായി രണ്ട് റഷ്യൻ വിമാനങ്ങൾ ഇന്ത്യയിലെത്തി

20 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, 75 വെന്റിലേറ്ററുകൾ, 150 ബെഡ്‌സൈഡ് മോണിറ്ററുകൾ, 22 മെട്രിക് ടൺ വരുന്ന മരുന്നുകൾ എന്നിവയാണ് ആദ്യ ഘട്ടമായി എത്തിയിരിക്കുന്നത്

Update: 2021-04-29 06:09 GMT
Editor : Shaheer | By : Web Desk
Advertising

അടിയന്തര ചികിത്സാ സാമഗ്രികളുമായി റഷ്യയിൽനിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ഓക്‌സിജൻ കോൺസെൻട്രേഷൻ മെഷീനുകൾ, ശ്വാസകോശ വെന്റിലേഷൻ ഉപകരണങ്ങൾ, ബെഡ്‌സൈഡ് മോണിറ്ററുകൾ, കൊറോണവിർ അടക്കമുള്ള മരുന്നുകൾ, മറ്റ് അവശ്യ മരുന്നിനങ്ങൾ എന്നിവ അടങ്ങുന്ന വിമാനങ്ങളാണ് ഇന്ത്യയ്ക്ക് സഹായമായി എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് ആണ് ഇക്കാര്യം അറിയിച്ചത്. 20 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, 75 വെന്റിലേറ്ററുകൾ, 150 ബെഡ്‌സൈഡ് മോണിറ്ററുകൾ, 22 മെട്രിക് ടൺ വരുന്ന മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ എത്തിയിരിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഡൽഹി വിമാനത്താവളത്തിലെത്തിയ വിമാനങ്ങളുടെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഇന്ത്യയ്ക്ക് മാനുഷിക സഹായങ്ങൾ നല്‍കാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ നയതന്ത്ര പങ്കാളിത്തത്തിന്റെയും കോവിഡ്-19 പ്രതിരോധ സഹകരണത്തിന്റെയും ചുവടുപിടിച്ചാണ് നടപടിയെന്ന് കുദാഷേവ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് റഷ്യൻ എമെർകോമിന്റെ രണ്ട് വിമാനങ്ങൾ അടിയന്തരമായി ഇന്ന് ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ സ്ഥിതിഗതികൾ റഷ്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ ജനതയോട് റഷ്യ ആത്മാർത്ഥമായി അനുതാപം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ കുദാഷേവ്, കോവിഡ് വാക്‌സിനായ 'സ്പുട്‌നിക് വി' മെയ് മുതൽ ഇന്ത്യയിൽ എത്തിത്തുടങ്ങുമെന്നും അറിയിച്ചു.

ഇന്ത്യയ്ക്ക് സഹായം നൽകാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റഷ്യയ്ക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനെ ഫോണിൽ വിളിക്കുകയായിരുന്നു മോദി. കഴിഞ്ഞ വർഷം കോവിഡിന്‍റെ പ്രാരംഭഘട്ടത്തിൽ ഇന്ത്യ റഷ്യയ്ക്കും സഹായങ്ങള്‍ നല്‍കിയിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News