‘മുസ്‍ലിം പേരുകളിൽ വ്യാജ അക്കൗണ്ടുകൾ’ വിദ്വേഷത്തിനും ബോംബുഭീഷണിക്കും ആൾമാറാട്ടം ആയുധമാക്കി ഹിന്ദുത്വവാദികൾ

പ്രതി ഒരു മുസ്‌ലിമായിരിക്കും എന്ന മുൻവിധി ആളുകളുടെ മനസിൽ കൂടുതൽ വേരൂന്നുന്നു. മാത്രമല്ല, ഇത്തരം പോസ്റ്റുകളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നാലും അതിന് വിദ്വേഷ പോസ്റ്റിന്റെ അത്ര റീച്ച് ലഭിക്കാറില്ല....

Update: 2025-01-12 13:47 GMT
Editor : banuisahak | By : Web Desk
Advertising

'കുംഭമേളക്ക് മുന്നോടിയായി ബോംബ്സ്ഫോടനം നടത്തും... 1000ത്തിലേറെ ഭക്തർ കൊല്ലപ്പെടും'.. നാസർ പഠാൻ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഉയർന്ന ഭീഷണിയിൽ അന്വേഷണം തുടങ്ങി... ആ അന്വേഷണം ചെന്ന് നിന്നതോ ആയുഷ് കുമാർ ജയ്‌സ്വാൾ എന്ന 17കാരനിലും...

ഒരു കുറ്റകൃത്യം ചെയ്യുന്നതിനേക്കാൾ പിടിക്കപ്പെടാതിരിക്കാൻ ആൾമാറാട്ടം അടക്കം പലവഴികൾ തേടാറുണ്ട് പ്രതികൾ. ഇങ്ങനെ ഗുരുതരമായ കുറ്റങ്ങൾ ചെയ്യാൻ സ്വന്തം ഐഡന്റിറ്റി മറച്ചുവെക്കുകയാണ് പുതിയ വഴി. അതും ഒരു മുസ്‌ലിം പേരിന്റെയോ വെള്ള വസ്ത്രത്തിന്റെയോ മറവിൽ വധഭീഷണിയും വിദ്വേഷ പരാമർശങ്ങളും അഴിച്ചുവിടുന്നത് ഒരു ട്രെൻഡാക്കി മാറ്റിയിരിക്കുകയാണ് ഇത്തരക്കാർ. വടക്കേന്ത്യയിലാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. 

മുസ്‌ലിംകളായി ആൾമാറാട്ടം നടത്തി കുറ്റകൃത്യങ്ങൾ ചെയ്യുകയോ അല്ലെങ്കിൽ സൈബറിടങ്ങളിലൂടെ വിദ്വേഷകരമായ കണ്ടന്റുകൾ പ്രചരിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന കേസുകൾ ക്രമാതീതമായി വർധിക്കുന്നത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഒരു മുസ്‌ലിം നാമധാരിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ബോംബ് ഭീഷണി ഉയരുന്നത് സർവസാധാരണമായ കാര്യമെന്ന നിലയിലേക്ക് ആളുകളെ ചിന്തിപ്പിക്കാൻ തന്നെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും ദി ക്വിന്റ് റിപ്പോർട്ടിൽ പറയുന്നു

കുംഭമേളയിലെ ബോംബ് ഭീഷണി

കഴിഞ്ഞ വർഷം ഡിസംബറിൽ നാസർ പഠാൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഒരു സന്ദേശം പ്രചരിക്കുന്നു... 2025 ജനുവരി 13ന് നടക്കാനിരിക്കുന്ന കുംഭമേളയിൽ ബോംബ്സ്ഫോടനം ഉണ്ടാകും, ആയിരത്തിലേറെ ഭക്തർ കൊല്ലപ്പെടും.. ഐപി അഡ്രസ് കണ്ടെത്തി അന്വേഷണം നടത്തിപ്പോയ പൊലീസിന്റെ പിടിയിലായത് ബിഹാറിലെ ആയുഷ് കുമാർ ജയ്‌സ്വാൾ എന്ന പ്ലസ് വൺ വിദ്യാർഥി.

സഹപാഠിയായ നാസർ പഠാനുമായി സ്‌കൂളിൽ പ്രശ്‌നമുണ്ടായിരുന്നത്രേ. ഇതിന്റെ പക തീർക്കാനാണ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ബോംബ് ഭീഷണി നടത്തിയത്. ഹിന്ദുക്കൾക്കെതിരായ അധിക്ഷേപങ്ങളുമായും അക്കൗണ്ടിൽ നിരവധി പോസ്റ്റുകളുണ്ടായിരുന്നു. പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രയാഗ്‌രാജ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) 352 (സമാധാന ലംഘനം നടത്താനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം അപമാനിക്കൽ), ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്ടിലെ സെക്ഷൻ 67 എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ് പൊലീസ്.

ഹിന്ദുത്വ സംഘടനകളുടെ പഴയ തന്ത്രത്തിന്റെ ഭാഗമാണെന്നായിരുന്നു ഇത് സംബന്ധിച്ച് ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ അപൂർവാനന്ദ് ദി ക്വിന്റിനോട് പ്രതികരിച്ചത്. ക്ഷേത്രപരിസരങ്ങളിൽ മൃഗങ്ങളെ തല്ലിക്കൊന്ന് കൊണ്ടിടുക മാംസം വലിച്ചെറിയുക ഇങ്ങനെ പല കേസുകളിൽ മുസ്‌ലിംമായി ആൾമാറാട്ടം നടത്തിയാണ് കുറ്റവാളികൾ എത്തുന്നത്. സമുദായത്തെ അപകീർത്തിപ്പെടുത്താൻ ഹിന്ദുത്വവാദികൾ നടത്തുന്ന ആസൂത്രമാണിതെന്ന് തെളിവുകൾ സഹിതം വ്യക്തമായിട്ടുള്ളതാണെന്നും പ്രൊഫ.അപൂർവാനന്ദ് ചൂണ്ടിക്കാട്ടുന്നു. 

പരാതിക്കാരൻ തന്നെ പ്രതി 

2023 ഡിസംബർ 27ന് ലഖ്‌നൗ നിവാസിയായ ദേവേന്ദ്ര തിവാരിയെ തേടി ഇ മെയിലിൽ ഒരു സന്ദേശമെത്തി. അയാളെ മാത്രമല്ല ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും എഡിജിപി അമിതാഭ് യാഷിനെയും കൊല്ലുമെന്നായിരുന്നു ഭീഷണി. സന്ദേശമെത്തിയത് 'സുബേർ ഖാൻ' എന്ന മുസ്‌ലിം പേരിലും. 

മുസ്‌ലിംകളുടെ ജീവിതം നരകമാക്കിയെന്നടക്കം വിദ്വേഷം നിറഞ്ഞതും വെറുപ്പുളവാക്കുന്നതുമായി പരാമർശങ്ങൾ കൊണ്ട് ആ സന്ദേശം നിറച്ചിരുന്നു. 'ഞങ്ങളുടെ ആളുകൾ' യുപിയിൽ എത്തിയിട്ടുണ്ടെന്നും  ദേവേന്ദ്ര തിവാരി, യോഗി ആദിത്യനാഥ്, അമിതാഭ് യാഷ് എന്നിവർ ചിന്നിച്ചിതറുമെന്നും ഭീഷണി തുടർന്നു. മുസ്‌ലിം ആണെന്ന് ഊട്ടിയുറപ്പിക്കാൻ ഇ മെയിലിന്റെ അവസാനം 'അല്ലാഹുവിന്റെ മേൽ സത്യം... അവരെയെല്ലാം പീഡിപ്പിച്ച് കൊലപ്പെടുത്തും. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഐഎസ്‌ഐ ഏറ്റെടുക്കുന്നു' എന്നും കൂട്ടിച്ചേർത്തിട്ടുണ്ടായിരുന്നു. 

ഇത് കൂടാതെ നവംബറിൽ, ആലം അൻസാരി ഖാൻ എന്ന വ്യക്തിയിൽ നിന്ന് സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തുന്ന ഒരു ഇ മെയിൽ ലഭിച്ചതായും തിവാരി അവകാശപ്പെടുന്നു. കുറച്ച് ദിവസത്തെ അന്വേഷണത്തിന് ശേഷം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്‌ 'സുബൈറിനെയും' ഒപ്പം 'അൻസാരി'യെയും പിടികൂടി. പക്ഷേ, ഇവരുടെ ശരിക്കുള്ള പേരുകൾ തഹാർ സിംഗ്, ഓം പ്രകാശ് മിശ്ര... ഇരുവരും മുസ്‌ലിംകളല്ല. ഗോണ്ട സ്വദേശികളാണ് ഇരുവരും.

കേസിലെ ട്വിസ്റ്റ് എന്താണെന്നാൽ, പരാതിക്കാരനായ തിവാരി തന്നെയാണ് ഇവരോട് മുസ്‌ലിം പേരിൽ ഫേക്ക് ഇ മെയിൽ ഐഡി ഉണ്ടാക്കി ഭീഷണി സന്ദേശം അയക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നിലനിൽക്കുന്ന വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കാനും സമൂഹത്തിൽ മുസ്‌ലിംകളെ കൂടുതൽ ഒറ്റപ്പെടുത്താനുമായിരുന്നു ഉദ്ദേശമെന്ന് അഭിഭാഷകൻ അനസ് തൻവീർ പറയുന്നു. 

ദേവേന്ദ്ര തിവാരിക്ക് ഇതൊരു പുതുമയല്ല. 2022 മാർച്ച്, 2022 ഫെബ്രുവരി, 2022 നവംബർ, 2021 ഡിസംബർ എന്നിങ്ങനെ നിരവധി തവണ ഇത്തരം വ്യാജ ഭീഷണി സന്ദേശങ്ങളുമായി ഇയാൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പോലീസ് 2 മൊബൈൽ ഫോണുകൾ, വൈഫൈ റൂട്ടർ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ എന്നിവ കണ്ടെടുത്തിരുന്നു. ലഖ്‌നൗവിലെ അലംബാഗ് പോലീസ് സ്റ്റേഷനിലും സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തഹാർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും തിവാരിക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായോ എന്ന കാര്യം വ്യക്തമല്ല.

രാഷ്ട്രീയ സ്വാധീനത്തിനു വേണ്ടിയാണ് തിവാരി ഈ പ്രവൃത്തി ചെയ്‌തതെന്നും ആരോപണമുണ്ട്. ഭാരതീയ കിസാൻ മഞ്ചിന്റെയും ഭാരതീയ ഗോ സേവാ പരിഷത്തിന്റെയും പേരിൽ ഇയാൾ ഒരു എൻ‌ജി‌ഒ നടത്തുന്നുണ്ട്. കൂടാതെ ലഖ്‌നൗവിലെ നിരവധി പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ദേവേന്ദ്ര തിവാരിയുടേതിന് സമാനമായ നിരവധി കേസുകൾ പൊളിച്ചെഴുതുമ്പോൾ ലക്ഷ്യമിടുന്നതും ഇരയാക്കപ്പെടുന്നതും മുസ്‌ലിംകളാണെന്ന് വസ്‌തുതാ പരിശോധന വെബ്‌സൈറ്റായ BOOMന്റെ ഡെപ്യൂട്ടി എഡിറ്റർ കരൺ റെബലോ ചൂണ്ടിക്കാട്ടുന്നു. 

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളേക്കാൾ എക്‌സിലാണ് ഈ പ്രചാരണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ഏതെങ്കിലും കുറ്റകൃത്യം ചെയ്‌ത ക്രിമിനലിന്റെ വീഡിയോ മുസ്‌ലിം ആണെന്ന് കാണിച്ച് ഷെയർ ചെയ്യുന്നു. വസ്‌തുത തേടി പോകുമ്പോൾ ഒന്നുകിൽ അതൊരു മുസ്‌ലിം അല്ല, അല്ലെങ്കിൽ ആ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല എന്ന് തെളിയുന്നത് പതിവാണെന്നും റെബലോ ദി ക്വിന്റിനോട് പറഞ്ഞു. 

മുസ്‌ലിം വേഷമിട്ട് ഭീഷണി

2024 ജൂണിൽ വർഗീയ സംഘർഷം സൃഷ്‌ടിച്ചുവെന്നാരോപിച്ച് ആഗ്രയിൽ അറസ്റ്റിലായ ധീരേന്ദ്ര രാഘവ്. ഒരു വെള്ള തൊപ്പിയും കുർത്തയും ധരിച്ചാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. രാമക്ഷേത്രം പൊളിക്കുമെന്നും അവിടെ വീണ്ടും മസ്‌ജിദ് ഉയരുമെന്നുമടക്കം വിദ്വേഷ പരാമർശങ്ങൾ അഴിച്ചുവിടുകയായിരുന്നു ഇയാൾ. ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ചതിന്റെ പേരിലും ആൾമാറാട്ടം നടത്തിയതിന്റെ പേരിലും ലോക്കൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. 

എന്നാൽ കൃത്യം പത്ത് ദിവസത്തിന് ശേഷം വീണ്ടും ഇതേ വേഷം ധരിച്ച് ഇയാൾ എത്തി. ഇത്തവണ അക്രമകാരിയി അഭിനയിക്കുന്നതിന് പകരം മുസ്‌ലിം വേഷം ധരിച്ച് ഒരു ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുകയായിരുന്നു ഇയാൾ. ആഗ്ര സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) സൂരജ് കുമാർ റായ് കഴിഞ്ഞ വർഷം ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 295 എ (മതവികാരങ്ങൾ വ്രണപ്പെടുത്താനുള്ള ദുരുദ്ദേശ്യപരമായ ഉദ്ദേശ്യം), 505 (2) (വിദ്വേഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഉള്ളടക്കം നിർമ്മിക്കൽ/പ്രചരണം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി അറിയിച്ചിരുന്നു. അറസ്റ്റിന് ശേഷവും ഇയാൾ തീവ്ര ഹിന്ദു പോസ്റ്റുകൾ പങ്കുവെക്കുകയും മുസ്‌ലിം വേഷം ധരിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുകയും ചെയ്യുന്നത് തുടർന്നു. 

Full View

ബോംബ് ഭീഷണിയോ വിദ്വേഷ പരാമർശങ്ങളോ എന്തുമാകട്ടെ ഹിന്ദുത്വവാദികൾ ഉദ്ദേശിച്ച നാശനഷ്‌ടങ്ങൾ അവിടെ സംഭവിച്ചുകഴിഞ്ഞു. മുസ്‌ലിംകളാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ആദ്യം ഒരു ധാരണ പ്രചരിപ്പിക്കുക എന്നതാണ് ഇത്തരം കുറ്റവാളികളുടെ ആദ്യത്തെ ലക്ഷ്യം. നോക്കൂ, പ്രതി ഒരു മുസ്‌ലിമായിരിക്കും എന്ന മുൻവിധി ആളുകളുടെ മനസിൽ കൂടുതൽ വേരൂന്നുന്നു. മാത്രമല്ല, ഇത്തരം പോസ്റ്റുകളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നാലും അതിന് വിദ്വേഷ പോസ്റ്റിന്റെ അത്ര റീച്ച് ലഭിക്കാറില്ല. തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളാണ് ആളുകളിലേക്ക് കൂടുതലായി എത്തുന്നത്, കരൺ റെബലോ പറയുന്നു. 

ഇത് മാത്രമല്ല, മുകേഷ് അംബാനിക്ക് വരെ കോടികൾ ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശമെത്തി. അതും ഇ മെയിൽ വഴി. ശദാബ് ഖാൻ എന്ന പേരിൽ എത്തിയത് രാജ്‌വീർ എന്ന ബി.കോം വിദ്യാർത്ഥിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇയാൾ ഗുജറാത്തിൽ നിന്ന് അറസ്റ്റിലാവുകയും ചെയ്‌തു. 

കേസുകൾ എല്ലാ വർഷവും ആവർത്തിക്കുന്നതിനാൽ ഈ പട്ടിക അവസാനിക്കുന്നില്ല. വർഗീയത ലക്ഷ്യമിട്ട് ഒരു സമുദായത്തിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തുന്നതിൽ രാജ്യത്ത് നിയമവ്യവസ്ഥകളും ശിക്ഷയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News