കാസർഗോഡ് പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു
ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്
കാസർഗോഡ്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു. കുമ്പള ഭാസ്കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്തു കഴിച്ചത്. ഞായറാഴ്‌ച പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്. ഉടൻ തന്നെ വീട്ടുകാർ വായിൽ കയ്യിട്ട് തൊലി പുറത്തെടുത്തിരുന്നു. തൊലി തൊണ്ടയിൽ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചും പരിശോധന നടത്തിയിരുന്നു. വിദഗ്ധ പരിശോധനക്ക് ശേഷം കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു.