ഇവിഎം എന്നാൽ 'ഓരോ വോട്ടും മുസ്‌ലിമിനെതിരെ' എന്നർഥം; വീണ്ടും വിദ്വേഷ പരാമർശവുമായി നിതേഷ് റാണെ

കേരളം മിനി പാകിസ്‌താനാണെന്ന പ്രസ്‌താവനക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് മഹാരാഷ്ട്ര മന്ത്രിയുടെ പുതിയ വിദ്വേഷ പരാമർശം

Update: 2025-01-12 13:36 GMT
Editor : banuisahak | By : Web Desk
Advertising

മുംബൈ: ഇലക്രോണിക് വോട്ടിങ് മെഷീനെ (ഇവിഎം) ചൊല്ലി രാജ്യത്ത് വാദപ്രതിവാദങ്ങൾ മുറുകുകയാണ്. ഇതിനിടെ അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മഹരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ. ഇവിഎം എന്നാൽ 'എല്ലാ വോട്ടും മുല്ലമാർക്കെതിരെ' (Every Vote Against Mullah) എന്നാണ് അർഥമെന്ന് സാംഗ്ലിയിൽ നടന്ന ഹിന്ദു ഗർജ്ജന സഭയിൽ സംസാരിക്കവെ റാണെ പറഞ്ഞു. 

'അതെ, ഞങ്ങൾ ഇവിഎം എംഎൽഎമാരാണ്, പക്ഷേ ഇവിഎം എന്നാൽ ഓരോ വോട്ടും മുല്ലമാർക്കെതിരെ എന്നാണ് അർത്ഥമാക്കുന്നത്, ഹിന്ദു സമൂഹം ഐക്യത്തോടെ വോട്ട് ചെയ്‌തു എന്ന വസ്‌തുത അവർക്ക് ദഹിക്കുന്നില്ല'- എന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. 

മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും വിവാദ പ്രസ്‌താവനകളിലൂടെ ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്‌ത വ്യക്തിയാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ മകനായ നിതീഷ് റാണെ. അടുത്തിടെ കേരളം മിനി പാകിസ്‌താൻ ആണെന്ന റാണെയുടെ പ്രസ്‌താവന വിവാദമായിരുന്നു. മിനി പാക്കിസ്ഥാൻ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം.

പിന്നാലെ മഹാരാഷ്ട്രയിലെ കോൺഗ്രസ്, എൻസിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നുമായി റാണെയുടെ ന്യായീകരണം. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിതീഷ് റാണെയോട് പരാമർശം തിരുത്തിയതെന്നാണ് സൂചന. 

വർഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. മോദിയും ഫഡ്‌നാവിസും രാജ്യസ്നേഹികളാണെങ്കിൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാകിസ്‌താനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് വക്താവ് അതുൽ ലോന്ധെയും ആവശ്യപ്പെട്ടു. നേരത്തെ വർഗീയ പരാമർശത്തിൽ നിതീഷ് റാണെക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News