'വന്യജീവി ശല്യം പരിഹരിക്കുന്നതിൽ സർക്കാരിന് അനാസ്ഥ'; രൂക്ഷ വിമർശനവുമായി ലത്തീൻ സഭ
ആവശ്യങ്ങൾ പരിഗണിക്കുന്നത് അനുസരിച്ചായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിലെ നിലപാടെന്നും ലത്തീൻ സഭ
തിരുവനന്തപുരം: വന്യജീവി ശല്യം പരിഹരിക്കുന്നതിൽ സർക്കാരിന് അനാസ്ഥയെന്ന രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. ജനങ്ങളെ എങ്ങനെ കഷ്ടപ്പെടുത്താം എന്നാണ് സർക്കാർ ആലോചനയെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ പ്രസിഡൻ്റ് ഡോ. വർഗീസ് ചക്കാലക്കൽ കുറ്റപ്പെടുത്തി. കൗൺസിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. വർഗീസ് ചക്കാലക്കൽ.
ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, മുനമ്പം വിഷയം നീതിപൂർവമായി പരിഹരിക്കുക, വിഴിഞ്ഞം കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും കെആർഎൽസിസി മുമ്പോട്ട് വെച്ചു. ആവശ്യങ്ങൾ പരിഗണിക്കുന്നത് അനുസരിച്ചായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിലെ നിലപാടെന്നും ലത്തീൻ സഭ സർക്കാരിന് മുന്നറിയിപ്പ് നല്കി.
"വനനിയമ ഭേദഗതിയിൽ ഉദ്യോഗസ്ഥന്മാർ എടുക്കുന്ന തീരുമാനങ്ങളാണ്. ഉദ്യോഗസ്ഥന്മാർക്ക് വനാതിർത്തിയിൽ താമസിക്കുന്ന ആളുകളെക്കുറിച്ച് ഒന്നും അറിയില്ല. ഇതൊന്നും അറിയാതെ അവർ കൊണ്ടുവരുന്ന നിയമം സർക്കാർ നടപ്പിലാക്കുകയാണ്," ഡോ. വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി.