ഖത്തറിൽ കോവിഡും ന്യൂമോണിയയും ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു
കോട്ടക്കൽ, കലൂർ സ്വദേശികളാണ് മരിച്ചത്
ഖത്തറിൽ കോവിഡും ന്യൂമോണിയയും ബാധിച്ചു രണ്ടു മലയാളികൾ കൂടി മരിച്ചു. കോട്ടക്കൽ സ്വദേശി മൊയ്തീൻകുട്ടി(43)യും കലൂർ സ്വദേശി ജോൺ ജോർജും(63) ആണു മരിച്ചത്.
കോവിഡ് രോഗബാധമൂലം ചികിത്സയിലായിരുന്ന കോട്ടക്കൽ പറപ്പൂർ സ്വദേശി തൂമ്പത്ത് വീട്ടിൽ മൊയ്തീൻ കുട്ടി ഖത്തറിൽ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മകനുമടങ്ങുന്ന കുടുംബം ഖത്തറിൽ തന്നെയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കി.
കലൂർ മുരോളിപ്പറമ്പിൽ ബഥേൽ വീട്ടിൽ ജോൺ ജോർജ് ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ഓട്ടീഷ് ഡാർവിസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
ഖത്തറിൽ മൊത്തം ഒൻപതുപേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 437 ആയി. പുതുതായി 703 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. 422 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നപ്പോൾ 281 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 1,578 പേർക്ക് രോഗമുക്തി റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിലുള്ള രോഗികൾ 19,367 ആയി.