ഡോളറുമായുള്ള രൂപയുടെ മൂല്യത്തിലെ ഇടിവ് തുടരുന്നു
രൂപയുമായുള്ള ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോഡ് കുറിച്ചു
ഡോളറുമായുള്ള രൂപയുടെ മൂല്യത്തിലെ ഇടിവ് തുടരുന്നു. ഇതോടെ രൂപയുമായുള്ള ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോഡ് കുറിച്ചു. വെള്ളിയാഴ്ച രാവിലെ ധനവിനിമയ സ്ഥാപനങ്ങൾ 184 രൂപ വീതമാണ് നൽകിയത്.
ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം റിയാലിന് 183.90 എന്ന തോതിലാണ് നൽകിയത്. ഇന്നും നാളെയും വിദേശ നാണയ വിപണി അവധിയായതിനാൽ ഇൗ നിരക്ക് തന്നെ ലഭിക്കും. വ്യാഴാഴ്ച വൈകുന്നേരവുമായി താരതമ്യപ്പെടുത്തുമ്പോൾ വിനിമയ നിരക്കിൽ 20 പൈസയുടെ വർധനവാണ് ഉണ്ടായത്. തിങ്കളാഴ്ച രൂപ അൽപം ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ.മധുസൂദനൻ പറഞ്ഞു.
വരും ദിവസങ്ങളിലും മൂല്യത്തിലെ ഇടിവ് തുടർന്ന് റിയാലിന് 185 രൂപ എന്ന നിലയിലേക്ക് എത്താനുള്ള സാധ്യതകളാണ് കാണുന്നതെന്നും മധുസൂദനൻ പറഞ്ഞു. രൂപയുടെ ഇടിവിൽ പരിഭ്രാന്തരായ ഇറക്കുമതിക്കാരും ബാങ്കുകളും ഡോളർ കൂടുതലായി വാങ്ങികൂട്ടുന്നതും ഡോളർ ശക്തിപ്പെടാൻ വഴിയൊരുക്കുന്നുണ്ട്.