ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തെ ഭയപ്പാടിലാക്കുന്നു

സലാല തീരത്ത് നിന്നും 480 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റിന്‍റെ സ്ഥാനം

Update: 2018-10-11 17:34 GMT
Advertising

ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്ത് നിന്ന് 480 കിലോമീറ്റർ അകലെയെത്തി. മണിക്കൂറിൽ 119 മുതൽ 137 കിലോമീറ്റർ വരെയാണ് ഇപ്പോഴത്തെ വേഗത. അടുത്ത 48 മണിക്കുറിനുള്ളിൽ കൂടുതൽ വേഗത കൈവരിച്ച് കാറ്റഗറി രണ്ടിലെത്താൻ സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി പറഞ്ഞു.

സലാല തീരത്ത് നിന്നും 480 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റിന്‍റെ സ്ഥാനം. അനുബന്ധമായ മഴ മേഖങ്ങൾ 250 കിലോമീറ്റർ അകലെയെത്തി. പടിഞ്ഞാറ്/വടക്കുപടിഞ്ഞാറൻ ദിശയിൽ ദോഫാർ തീരത്തിനടുത്തായി യമൻ തീരത്തേക്കാണ് കാറ്റ് നീങ്ങുന്നത് .

മുൻകരുതൽ നടപടികളുടെ ഭാഗമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ രോഗികളെ കൂടുതൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സലാല തുറമുഖം ഇന്ന് രാവിലെ മുതൽ പ്രവർത്തനം നിർത്തി. ദോഫാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിരുന്നു.

ശനിയാഴ്ച വൈകിട്ട് മുതൽ കാറ്റിന്‍റെ പ്രത്യക്ഷ പ്രതിഫലനമായി അൽ വുസ്ത പ്രവിശ്യയുടെ തെക്ക്‌ ഭാഗങ്ങളിലും സലാല ഉൾപ്പെടുന്ന ദൊഫാറിലും ഇടിയോടുകൂടിയ ശക്തമായ മഴക്ക്‌ സാധ്യതയുണ്ട്‌. 6-8 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. വാദികൾ മുറിച്ച്‌ കടക്കരുതെന്നും താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

Tags:    

Similar News