ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം; പരിഹാരത്തിനായി ഒമാന്റെ നിലപാട്
മേഖലയിലെ സമാധാനത്തിനായി നിലകൊള്ളും
ഇസ്രായേൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിനായുള്ള സമാധാനശ്രമങ്ങൾക്കായി ഇരുരാജ്യങ്ങളെയും സഹായിക്കുമെന്ന് ഒമാന്‍. മറ്റ് മധ്യേഷ്യൻ രാജ്യങ്ങളെപ്പോലെ തന്നെ സമാന ഉത്തരവാദിത്തങ്ങളുള്ള രാജ്യമായാണ് ഇസ്രായേലിനെ പരിഗണിക്കുന്നതെന്നും ഒമാൻ വ്യക്തമാക്കി. ബഹ്റൈനിൽ നടക്കുന്ന വാര്‍ഷിക മേഖലാ സുരക്ഷാ ഉച്ചകോടിയായ മനാമ ഡയലോഗിൽ ഒമാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മധ്യപൗരസ്ത്യ മേഖലയിൽ അമ്പരപ്പ് പടർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചതിൻ്റെ തുടർച്ചയായാണ് ഇസ്രയേൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിന് തങ്ങളുടെ നിലപാട് ഒമാൻ വ്യക്തമാക്കിയത്. പ്രശ്ന പരിഹാരത്തിന് തങ്ങൾ മധ്യസ്ഥത വഹിക്കില്ലെങ്കിലും രമ്യതയിലെത്താൻ വേണ്ടി ഇസ്രയേലിനെയും ഫലസ്തീനിനെയും സഹായിക്കാൻ തയ്യാറാണെന്ന് മനാമയിൽ നടക്കുന്ന സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കവെ. ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി പറഞ്ഞു. ഇസ്രായേലിനെ മധ്യപൗരസ്ത്യ മേഖലയിലെ സ്വീകാര്യ രാഷ്ട്രമായി അംഗീകരിക്കുന്ന നിലപാടാണ് ഒമാൻ്റെത്. മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കപ്പെടണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അതേ സമയം അമേരിക്കൻ നിലപാടാണ് വിഷയം പരിഹരിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിക്കുകയെന്നും റൊണാൾഡ് ട്രമ്പിൻ്റെ ഈ വിഷയത്തിലുള്ള ചുവടുവെപ്പുകൾ സുപ്രധാനമാണെന്നും ഒമാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഫലസ്തീൻ പ്രശ്ന പരിഹാരത്തിനായുള്ള ഒമാൻ്റെ ശ്രമങ്ങൾക്ക് ബഹ്റൈൻ വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ് മദ്ബിൻ മുഹമ്മദ് അൽ ഖലീഫ ഉച്ചകോടിയിൽ പിന്തുണ പ്രഖ്യാപിച്ചു.
മനാമയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടക്കുന്ന പതിനാലാമത് മനാമ ഡയലോഗിൽ മേഖലയിലെ സുരക്ഷാ വെല്ലുവിളികളാണ് പ്രധാന ചർച്ചാ വിഷയം. വിവിധ രാജ്യങ്ങളിലെ വിദേശ കാര്യ, പ്രതിരോധ മന്ത്രിമാരും സൈനിക, സുരക്ഷാ വിദഗ്ദരുമാണ് സംബന്ധിക്കുന്ന ദ്വിദിന സമ്മേളനം നാളെ സമാപിക്കും.