'വിഷം കൊടുത്തു കൊന്നു'; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്
തമിഴ്നാട് സ്വദേശിയായ പെൺസുഹൃത്ത് ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടർന്ന് ഛര്‍ദിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ മരിച്ചിരുന്നു
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണ്‍രാജിന്‍റെ മരണത്തിൽ വഴിത്തിരിവ്. ബി.എസ്.സി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയതു തന്നെയെന്ന് പെൺസുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോടാണ് പെൺകുട്ടിയുടെ കുറ്റസമ്മതം.
തമിഴ്‌നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോൺ ഛർദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.
സംഭവത്തിനു പിന്നാലെയാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ഇതിനു പിന്നാലെ സംശയം ഉണർത്തുന്ന തരത്തിൽ പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ അന്വേഷണത്തിന്റെ തുടക്കംതൊട്ടു തന്നെ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് റൂറൽ എസ്.പി ഡി. ശിൽപ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെ കേസന്വേഷണം വേഗത്തിലാകുകയും ചെയ്തു.
സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഡി. ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യംചെയ്തത്. അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചിരിക്കുന്നത്.
Summary: Girlfriend Greeshma admitted that she had killed Sharon, a resident of Parassala, Thiruvananthapuram, by giving him poisonous juice