ലൈംഗികാതിക്രണ കേസിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഭൂമി കൈയേറ്റ കുറ്റാരോപണവും

ശനിയാഴ്ച നാട്ടുകാരുടെ പരാതി സ്വീകരിക്കാന്‍ ബെര്‍മജൂരില്‍ പൊലീസ് ക്യാമ്പ് ചെയ്തിരുന്നു.

Update: 2024-02-24 10:46 GMT
Advertising

ബംഗാള്‍: പശ്ചിമ ബംഗാളിലെ ഗ്രാമവാസികള്‍ ഒളിവില്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനും അദ്ദേഹത്തിന്റെ സഹോദരന്‍ സിറാജുദ്ദീനുമെതിരെ അതിക്രമവും ഭൂമി കൈയേറ്റ കുറ്റവും ചുമത്തി. സിറാജുദ്ദീന്‍ തങ്ങളുടെ ഭൂമി ബലമായി തട്ടിയെടുത്തതായും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ആരോപിച്ച് സന്ദേശ്ഖാലി താലൂക്കിലെ ബെര്‍മജൂര്‍ ഗ്രാമത്തിലെ താമസക്കാര്‍ രംഗത്തെത്തി.

ശനിയാഴ്ച നാട്ടുകാരുടെ പരാതി സ്വീകരിക്കാന്‍ ബെര്‍മജൂരില്‍ പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഷാജഹാനും സഹോദരനും ചേര്‍ന്ന് തന്റെ തറവാട്ടു ഭൂമി തട്ടിയെടുത്തെന്നും തനിക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

'കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങളുടെ കുടുംബം കൃഷി ചെയ്തിരുന്ന എന്റെ തറവാട്ടുഭൂമി ഷെയ്ഖും സഹോദരനും ചേര്‍ന്ന് ബലമായി തട്ടിയെടുത്തു. ഇതിനെതിരെ പ്രതികരിച്ചാല്‍ ഗുണ്ടകളെ കൊണ്ട് അവര്‍ മര്‍ദ്ദിക്കും. ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ ഭൂമി തിരികെ വേണമെന്നും' പ്രദേശവാസിയായ ബിരേന്‍ പറഞ്ഞു.

സിറാജുദ്ദീന്‍ തങ്ങളുടെ ഭൂമി ബലമായി പിടിച്ചെടുത്ത് മത്സ്യ ഫാമുകളാക്കി മാറ്റി. ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചവരെ മര്‍ദിച്ചെന്നും പ്രദേശവാസിയായ മോണ്ടു സര്‍ദാ പറഞ്ഞു. സിറാജുദ്ദീന്‍ പിടിച്ചെടുത്തെന്നാരോപിച്ച മത്സ്യ ഫാമുകളിലെ കുടിലിന് ജനക്കൂട്ടം തീയിട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് മെയ്തിക്ക് ഭൂമി കയ്യേറ്റത്തില്‍ ഷാജഹാനുമയി പങ്കുണ്ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ വീടും ഗ്രാമവാസികള്‍ തകര്‍ത്തു. ആരോപണം തികച്ചും തെറ്റാണെന്നും വീടിന് തീയിട്ടത് ബി.ജെ.പി യാണെന്നും മെയ്തി അവകാശപ്പെട്ടു. ബെര്‍മജൂരില്‍ ജില്ലാ ഭരണകൂടം സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാന്റെ വീട്ടിലേക്ക് അന്വേഷണത്തിന് പോയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടിരുന്നു. അന്ന് മുതല്‍ അദ്ദേഹം ഒളിവിലാണ്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News