പതനം അതിദയനീയം! ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി കോൺഗ്രസും ബി.എസ്.പിയും

കോണ്‍ഗ്രസിന്‍റെ ശേഷിക്കുന്ന കോട്ടകളും തകര്‍ന്നടിഞ്ഞപ്പോള്‍, തങ്ങള്‍ കാര്യമായി സ്വാധീനമുണ്ടായിരുന്ന ഏക സംസ്ഥാനത്തും ബി.എസ്.പി അപ്രസക്തരാകുകയാണ്

Update: 2022-03-10 10:14 GMT
Editor : Shaheer | By : Web Desk
Advertising

ഒരുകാലത്ത് ഉത്തർപ്രദേശിനെ അടക്കിഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. പലതവണ അധികാരം വാണ മായാവതിയുടെ ബി.എസ്.പിക്കും യു.പിയുടെ മനസിൽ വലിയൊരു ഇടമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ യു.പി തെരഞ്ഞെടുപ്പ് ഫലങ്ങൾ ഏറെക്കുറെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അതിദയനീയമായൊരു പതനമാണ് രണ്ട് പാർട്ടികളും നേരിടുന്നത്. ഒറ്റ അക്കത്തിലേക്കാണ് ഇരുകക്ഷികളും ചുരുങ്ങുന്നത്. ഒരുപക്ഷെ സംപൂജ്യരാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കോട്ടയും തകർന്ന് കോൺഗ്രസ്

അവസാനറിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ വെറും രണ്ടിടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബി.എസ്.പി ഒറ്റ സീറ്റിലും. 2017ലും കോൺഗ്രസിന്റേത് ദയനീയമായ പരാജയമായിരുന്നെങ്കിലും ചെറിയ രീതിയിലെങ്കിലും തിരിച്ചുവരവിന്റെ സൂചനകളുമായായിരുന്നു പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള പ്രചാരണങ്ങൾ. എന്നാൽ, നില മെച്ചപ്പെടുത്താനായില്ലെന്നു മാത്രമല്ല കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൈയിലുണ്ടായിരുന്ന അഞ്ച് സീറ്റുകളും നഷ്ടപ്പെടുന്ന സൂചനയാണ് ലഭിക്കുന്നത്.

കോൺഗ്രസിന്റെ അവശേഷിക്കുന്ന കോട്ടകളും ഇളകിയിരിക്കുകയാണ്. പാർട്ടി അമരക്കാരിയായ സോണിയ ഗാന്ധിയുടെ കോട്ടയായ റായ്ബറേലിയിലും കോൺഗ്രസിന് അടിപതറി. റായ്ബറേലിയിൽ ബി.ജെ.പിയുടെ അദിതി സിങ്ങാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എസ്.പിയുടെ ആർ.പി യാദവിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് കോൺഗ്രസിന്റെ മനീഷ് ചൗഹാനുള്ളത്.

സ്ഥാനാർത്ഥി പട്ടികയിൽ വലിയ തോതിൽ വനിതകളെ രംഗത്തിറക്കിയും സമൂഹത്തിൻരെ വിവിധ തുറകളിൽ പീഡനങ്ങളനുഭവിക്കുന്നവരുടെ പ്രതിനിധികളെ രംഗത്തിറക്കിയുമായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. ഏറെക്കാലമായി യു.പിയിൽ പാർട്ടി ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെ അഭിമാന പോരാട്ടം കൂടിയായിരുന്നു ഇത്. എന്നാൽ, പ്രിയങ്കയുടെ എല്ലാ വാക്കസർത്തുകളും പാടെ അപ്രസക്തമാക്കിയാണ് ഫലം പുറത്തുവരുന്നത്.

മെലിഞ്ഞൊട്ടി 'ആന'

കോൺഗ്രസിനെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് ഗോധയിലും അത്ര പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നില്ല ബി.എസ്.പിയുടേത്. ബി.ജെ.പിയും എസ്.പിയും നേർക്കുനേരായിരുന്നു പോരാട്ടമെങ്കിലും കോൺഗ്രസിനെപ്പോലെ തിരിച്ചുവരവിന്റെ ഒരു പ്രതീക്ഷ പോലും സ്ഥാനാർത്ഥി പ്രഖ്യാപനം തൊട്ട് വോട്ടെടുപ്പ് വരെ ബി.എസ്.പി നേതാക്കളുടെ ശരീരഭാഷയിലുണ്ടായിരുന്നില്ല.

സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഫലത്തിലും അത് തെളിഞ്ഞുകാണുന്നു. വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരിച്ച ബി.എസ്.പി വെറും ഒറ്റ സീറ്റിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 19 ഇടത്ത് ജയിച്ച പാർട്ടിയാണ് ഏറെക്കുറെ സംപൂജ്യരായിരിക്കുന്നത്. ദേശീയരാഷ്ട്രീയത്തിൽനിന്നുമാത്രമല്ല പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ഏക സംസ്ഥാനത്തും ബി.എസ്.പി അപ്രസക്തരാകുകയാണ്.

Summary: Congress, BSP in single digits as counting progresses in UP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News