'ബംഗാളിലും ത്രിപുരയിലും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം'; സി.പി.എം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് ചർച്ച ഇന്ന് ആരംഭിക്കും

രൂപീകരണത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് പാർട്ടി ഇപ്പോൾ നേരിടുന്നതെന്ന് സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു

Update: 2022-04-09 01:26 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്ന് ആരംഭിക്കും. പാർട്ടി നേരിടുന്ന പ്രതിസന്ധി മറിക്കടക്കാനുള്ള നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രൂപീകരണത്തിനുശേഷം ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് പാർട്ടി ഇപ്പോൾ നേരിടുന്നതെന്നാണ് സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ മറികടക്കാനുള്ള നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നുവരും. ബംഗാളിലും ത്രിപുരയിലും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ നടപടിയുണ്ടായേക്കും.

ദേശീയതലത്തിൽ അനുദിനം കുറയുന്ന പ്രസക്തി

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളിൽ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക്, ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ തകർച്ച അടക്കം ആത്മപരിശോധന ഏറെ വേണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്. ഇതിന്മേൽ ചർച്ച നടക്കുമ്പോൾ കേന്ദ്ര നേതൃത്വത്തിന് ഏറെ വിമർശനങ്ങളേൽക്കേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നീക്കുപോക്ക് നടത്തണമെന്ന്് കേന്ദ്രനിർദേശം ഉണ്ടായിരുന്നതെങ്കിലും സഖ്യം ഉണ്ടാക്കിയ ബംഗാൾ ഘടകത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നുറപ്പാണ്.

രാഷ്ട്രീയ നീക്കുപോക്കിനപ്പുറം പാർട്ടിയെ അടിമുടി പുതുക്കിയെടുക്കാനുള്ള വെല്ലുവിളിയാണ് പാർട്ടി കോൺഗ്രസിന് മുന്നിലുള്ളത്. പാർട്ടിക്ക് സ്വാധീനം നഷ്ടമായ ബംഗാളിലും ത്രിപുരയിലും തിരിച്ചുവരാൻ ജനകീയ സമരങ്ങൾ ഏറ്റെടുക്കണമെന്നാണ് സംഘടനാ റിപ്പോർട്ട് പറയുന്നത്. പാർട്ടി അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനൊപ്പം പുതിയ അംഗങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളും പാർട്ടി കോൺഗ്രസിന്റെ ഭാഗമായുണ്ടാകും.

Full View

കൊൽക്കത്ത പ്ലീനത്തിലെ നിർദേശങ്ങൾ നടപ്പാക്കാത്തതിലുള്ള വിമർശനം സംഘടനാ റിപ്പോർട്ടിലുണ്ട്. ഇത് നടപ്പാക്കാനായി കേന്ദ്ര കമ്മിറ്റി പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിലും ചർച്ചയിൽ പങ്കെടുക്കുന്നവർ വിമർശനമുന്നയിച്ചേക്കും. തുടർഭരണം ലഭിച്ച കേരള മോഡൽ രാജ്യത്ത് ഉയർത്തിക്കാട്ടാനാണ് സി.പി.എമ്മിന്റെ തീരുമാനം. ഇത് സംബന്ധിച്ചും പാർട്ടി കോൺഗ്രസിൽ ചർച്ചകൾ ഉയരും.

Summary: The discussion over the political organization report will begin today at the CPM party congress in Kannur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News