ഗുലാം നബി വീണ്ടും രാജ്യസഭയിലേക്ക്? ജി-23 നേതാക്കന്മാരുമായി 'ഡീൽ'? തിരുത്തൽവാദികളെ അനുനയിപ്പിച്ച് സോണിയ
ഗുലാം നബിക്കു പിന്നാലെ ജി-23 സംഘത്തിലെ പ്രമുഖരായ ആനന്ദ് ശർമ, മനീഷ് തിവാരി എന്നിവരുമായും ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചർച്ച നടത്തിയിട്ടുണ്ട്
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടിയിൽ ശക്തമായ വിമതനീക്കം തണുപ്പിക്കാൻ ഇടപെടലുമായി സോണിയ ഗാന്ധി. തിരുത്തൽവാദികളായ ജി-23 നേതാക്കളിൽ പ്രമുഖൻ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സംഘത്തിലെ കൂടുതൽ നേതാക്കളുമായും കോൺഗ്രസ് അധ്യക്ഷ ചർച്ച നടത്തി. ഗുലാം നബിക്ക് വീണ്ടും രാജ്യസഭാ സീറ്റ് നൽകാനും മറ്റ് നേതാക്കൾക്ക് സുപ്രധാന പാർട്ടി ചുമതലകൾ നൽകി അനുനയിപ്പിക്കാനുമാണ് നീക്കം നടക്കുന്നത്.
ഗുലാം നബിക്കു പിന്നാലെ ഇന്ന് ആനന്ദ് ശർമ, മനീഷ് തിവാരി എന്നിവരുമായും സോണിയ ഗാന്ധി ചർച്ച നടത്തിയിട്ടുണ്ട്. ജി-23 നേതാക്കൾക്ക് പാർട്ടിയിൽ സുപ്രധാന ചുമതലകൾ നൽകുമെന്ന് കൂടിക്കാഴ്ചയിൽ ധാരണയായതായാണ് വിവരം. ഗുലാം നബിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കും. ഹിമാചൽപ്രദേശ് അടക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുൻപ് ജി-23 നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും സോണിയ ഉറപ്പുനൽകിയിട്ടുണ്ട്.
നിലവിൽ രാജ്യസഭാ അംഗമായ ആനന്ദ് ശർമയുടെ കാലാവധി ഉടൻ തീരാനിരിക്കുകയാണ്. കാലാവധി കഴിഞ്ഞാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സുപ്രധാന ചുമതല നൽകും. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കും. മനീഷ് തിവാരിയെയും സന്ദീപ് ദീക്ഷിതിനെയും പാർട്ടിയുടെ സുപ്രധാന ചുമതലകൾ നൽകി അനുനയിപ്പിക്കാനുമാണ് നീക്കം നടക്കുന്നതെന്നാണ് വിവരം.
Summary: G-23 leaders likely to be adjusted in Congress, Ghulam Nabi Azad may get Rajya Sabha berth