സംഗീത നാടക അക്കാദമി തലപ്പത്തേക്ക് എം.ജി ശ്രീകുമാറിന് പരിഗണന; രൂക്ഷ വിമർശവുമായി ഇടത് സോഷ്യൽ മീഡിയ
'അനൗചിത്യത്തിന് ഉദാഹരണമെന്ത് എന്ന് പി.എസ്.സി പരീക്ഷക്കോ മറ്റോ ചോദ്യമുണ്ടെങ്കിൽ ഇന്നത്തെ ഏറ്റവും മികച്ച ഉത്തരം ഇടതുപക്ഷം സംഗീതനാടകഅക്കാദമിയുടെ തലപ്പത്തേക്ക് എം.ജി ശ്രീകുമാറിനെ തെരഞ്ഞെടുത്തത് എന്നായിരിക്കും.'
കേരള സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം.ജി ശ്രീകുമാറിനെ നാമനിർദേശം ചെയ്തുവെന്ന വാർത്തകളിൽ രൂക്ഷമായ പ്രതിഷേധ പ്രതികരണങ്ങൾ. സംഘ് പരിവാർ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബി.ജെ.പി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ അടക്കമുള്ളവരാണ് സമൂഹമാധ്യമങ്ങളിൽ പരസ്യ പ്രതികരണവുമായി രംഗത്തു വന്നത്. ദേശാഭിമാനി മുൻ കൺസൾട്ടിങ് എഡിറ്റർ എൻ മാധവൻകുട്ടി, എഴുത്തുകാരി ശാരദക്കുട്ടി, ഇടതുപക്ഷ പ്രഭാഷകൻ ശ്രീചിത്രൻ എം.ജെ, ഡോ. ആസാദ്, മുൻ പെരുമ്പാവൂർ സബ് ജഡ്ജി എസ് സുദീപ് തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.
'പരസ്യമായി ബി ജെപി സ്ഥാനാർത്ഥിക്കു വോട്ടു ചോദിച്ച മോഡി ഭക്തനായ എം ജി ശ്രീകുമാർ എന്ന സിനിമ ഗായകനെ കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തത് ഒരിക്കലും രാഷ്ട്രീയമായി ന്യായീകരിക്കാൻ കഴിയില്ല...' എന്നാണ് എൻ മാധവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
'തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത്. നായന്മാരെ കൂടെ നിർത്തണമെങ്കിൽ ഇതിലും മികച്ച ഒരു നായർ , അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകൾ ഉള്ള ഒരു നായർ സ്ത്രീ ആ കുടുംബത്തിൽ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി. സ്ത്രീയാണെന്ന ഒറ്റ'ക്കുറവേ'യുള്ളു. മോഹൻലാൽ പ്രിയദർശൻ എ.ജി ശ്രീകുമാർ ടീമിലെ നായർ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല.' എന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ എഴുതി.
അനൗചിത്യത്തിന് ഉദാരണമെന്തെന്ന് പി.എസ്.സി പരീക്ഷയ്ക്ക് ചോദ്യമുണ്ടെങ്കിൽ ഏറ്റവും മികച്ച ഉത്തരം ഇടതുപക്ഷം സംഗീത നാടക അക്കാദമിയുടെ തലപ്പത്തേക്ക് എം.ജി ശ്രീകുമാറിനെ തെരഞ്ഞെടുത്തത് എന്നായിരിക്കുമെന്നും പാർട്ടിക്കു വേണ്ടി എന്തും ന്യായീകരിക്കാൻ താൻ ടെണ്ടറെടുത്തിട്ടില്ലെന്നും ശ്രീചിത്രൻ എം.ജെ പ്രതികരിച്ചു. 'അനൗചിത്യത്തിന് ഉദാഹരണമെന്ത് എന്ന് പി.എസ്.സി പരീക്ഷക്കോ മറ്റോ ചോദ്യമുണ്ടെങ്കിൽ ഇന്നത്തെ ഏറ്റവും മികച്ച ഉത്തരം ഇടതുപക്ഷം സംഗീതനാടകഅക്കാദമിയുടെ തലപ്പത്തേക്ക് എം.ജി ശ്രീകുമാറിനെ തെരഞ്ഞെടുത്തത് എന്നായിരിക്കും. കലയും സംസ്‌കാരവും മൊത്തത്തിലേ അനുബന്ധപരിപാടിയായി മാറിയതുകൊണ്ട് ഇടതുപക്ഷത്തിനു സംഭവിക്കുന്ന ആഴമേറിയ പരിക്കിന്റെ പ്രതിഫലനമാണ് ഈ കാണുന്നത്. പുറത്തു ചുവന്നും അകത്തു കാവിയുമായി ജീവിക്കുന്ന കുറേ അധികാരമോഹികൾക്ക് ഇടതുപക്ഷത്തിന്റെ സാംസ്‌കാരികലോകം വലിയ ഇടം നൽകാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇത്രയും അപമാനകരമായ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. സംഗീതനാടക അക്കാദമിയെ സംഘീതനാടകകാര്യാലയമാക്കാനുള്ള ചുമതലക്ക് മാത്രം അനുയോജ്യനായ ഒരാളെ മാത്രമേ കിട്ടാനുള്ളൂ എങ്കിൽ സാംസ്‌കാരിക പരിപാടി പൂട്ടിക്കെട്ടുകയാണ് നല്ലത്. ദയവുചെയ്ത് പ്രിയ സഖാക്കൾ ക്ലാസുമായി വരരുത്, എന്തും ന്യായീകരിക്കാൻ ഞാൻ ടെണ്ടറെടുത്തിട്ടില്ല. എനിക്കങ്ങനെ ലഭിക്കുന്ന പരിഗണനകളിലും താൽപര്യമില്ല.' എന്നാണ് ശ്രീചിത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനാക്കാൻ തീരുമാനിച്ചതായി എവിടെയും കണ്ടില്ലെന്നും എന്നാൽ അത്തരം ദുരന്തങ്ങൾ ഉണ്ടാകരുതെന്നു തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്നും എസ്. സുദീപ് എഴുതി: 'എം.ജി ശ്രീകുമാർ സംഘപരിവാറുകാരനാണ്. കേരളത്തിൽ താമര വിരിയണം എന്നു പരസ്യമായി പറഞ്ഞ ആൾ. കുമ്മനത്തിനു വേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യ പ്രചരണം നടത്തിയതും ശ്രീകുമാറാണ്. വി മുരളീധരൻ കഴക്കൂട്ടത്തു മത്സരിച്ചപ്പോൾ അദ്ദേഹത്തിനു വേണ്ടിയും പ്രചരണം നടത്തി. ശ്രീകുമാറിന് സംഗീത നാടക അക്കാദമി അദ്ധ്യക്ഷ പദം നൽകാൻ കേരള സർക്കാർ ഔദ്യോഗിക തീരുമാനം എടുത്തതായി എങ്ങും കണ്ടതുമില്ല. എങ്കിലും ദുരന്തങ്ങൾ ഉണ്ടാവരുതെന്നു തന്നെയാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുക, പ്രാർത്ഥിക്കുക. ഈയുള്ളവനും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. എന്ന്, പയ്‌നായിരം പോയിട്ട് പത്തു പൈസ പോലും നേർച്ചയിടാത്ത, അതിനു കഴിവുമില്ലാത്ത ഒരു അവിശ്വാസി.'
ബി.ജെ.പിയുടെ രാഷ്ട്രീയ മുഖത്തോ സാംസ്‌കാരിക മുഖത്തോ പ്രവർത്തിക്കുന്ന ആളുകളെ സർക്കാർ സമിതികളിൽ ഉൾപ്പെടുത്താൻ എൽ.ഡി.എഫ് സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും സംഗീത നാടക അക്കാദമിയിലോ സർവകലാശാലാ സമിതികളിലോ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിനിധാനം ഉറപ്പു വരുത്താനുള്ള ജാഗ്രത നിഷ്‌കളങ്കമാകാൻ ഇടയില്ലെന്നും ഡോ. ആസാദ് പ്രതികരിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളും ആശയപ്രചാരകരും അധികാര സ്ഥാനങ്ങളിൽ കടന്നെത്തുന്നതിന്റെ ഉദാഹരണമാണ് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്ന പൊലീസ് സേനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീതം, സംഘി എന്നീ വാക്കുകളിലെ സാമ്യം കൊണ്ടാവണം എം.ജി ശ്രീകുമാറിനെ സർക്കാർ പരിഗണിച്ചതെന്ന് ബൈജു സ്വാമി പ്രതികരിച്ചു. 'ഏതായാലും ചവിട്ട് നാടക, ബാലെ അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് രാമസിംഹനെ പരിഗണിക്കണം. അദ്ദേഹത്തോളം എക്‌സ്പീരിയൻസ് ഉള്ള ആരും ചവിട്ട് നാടകം, പുണ്യ പുരാണ ബാലെകളിൽ കേരളത്തിൽ പോയിട്ട് ഫാരതത്തിൽ ഉണ്ടാകില്ല.' ബൈജു സ്വാമി കുറിച്ചു.