ഖത്തറിൽ റിക്രൂട്ടിങ് ഏജന്റിന്റെ വഞ്ചനക്കിരയായ മലയാളികൾ ദുരിതത്തിൽ
മലയാളികളുള്‍പ്പെടെ മുപ്പതോളം പേരാണ് ദോഹയില്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്
ഖത്തറില്‍ റിക്രൂട്ടിങ് ഏജന്റിന്റെ വഞ്ചനക്കിരയായ മലയാളികള്‍ ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തില്‍. സന്ദര്‍ശക വിസയിലെത്തിയ ഇവർക്ക് പിന്നീട് സ്ഥിരം വിസ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടന്നില്ല. മലയാളികളുള്‍പ്പെടെ മുപ്പതോളം പേരാണ് ദോഹയില്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പത്രപ്പരസ്യം കണ്ട് ജോലിക്ക് ശ്രമിച്ചവരാണ് ഭൂരിഭാഗവും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കായംകുളം സ്വദേശികളാണ് ദോഹയിലെത്തി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഒരു മാസത്തെ ബിസിനസ് സന്ദര്‍ശക വിസയിലാണ് എല്ലാവരെയും ഖത്തറിലെത്തിച്ചത്. ഖത്തറിലെത്തിയ ശേഷം സ്ഥിരം വിസയിലേക്ക് മാറ്റുമെന്നാണ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ ദോഹയിലെത്തിയപ്പോള്‍ വാഗ്ദാനം ചെയ്ത ജോലിയുമില്ല, ഉള്ള ജോലിക്ക് ശമ്പളവുമില്ല. ഒരു ലക്ഷത്തോളം രൂപ വിസ ഏജന്‍റിന് നല്‍കിയാണ് എല്ലാവരും ഖത്തറിലെത്തിയത്. കിടപ്പാടവും ആഭരണങ്ങളും പണയം വെച്ചാണ് പലരും വിസക്കുള്ള പണം സ്വരൂപിച്ചത്.
തുടക്കത്തില്‍ ദോഹയിലെ ഏജന്‍റ് ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. വഖ്റയിലെ ഇടുങ്ങിയ ഒറ്റമുറികളില്‍ സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും കാരുണ്യത്തിലാണ് ഇവരിപ്പോൾ കഴിഞ്ഞുകൂടുന്നത്. പ്രശ്നപരിഹാരത്തിനായി ഇവർ എംബസിയെ സമീപിക്കാനൊരുങ്ങുകയാണ്