ഉപരോധകാലത്ത് കൂടെ നിന്നു; ഉര്‍ദുഗാന് ഖത്തര്‍ അമീറിന്റെ സ്നേഹ സമ്മാനം

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊഷ്മളമായി തുടരുന്നതിനിടെയാണ് പ്രസിഡന്‍റിനുള്ള ഈ കിടിലന്‍ സമ്മാനത്തിന്‍റെ വാര്‍ത്ത കൂടിയെത്തുന്നത്.

Update: 2018-09-20 20:14 GMT
Advertising

ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ഗുഗാന് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ അറബ് ലോകത്തെ ചര്‍ച്ചാവിഷയം. അഞ്ഞൂറ് ദശലക്ഷം ഡോളര്‍ വിലവരുന്ന ബോയിങ് 747 വിമാനമാണ് തുര്‍ക്കി പ്രസിഡന്‍റിന് സമ്മാനമായി കിട്ടിയത്. ഉപരോധക്കാലത്ത് ചെയ്ത വലിയ സഹായങ്ങള്‍ക്കുള്ള നന്ദിയാണ് ഈ സമ്മാനമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞയാഴ്ച്ചയാണ് ഏകദേശം അഞ്ഞൂറ് ദശലക്ഷം ഡോളര്‍ വില വരുന്ന ബോയിങ് 747-8ഐ വിമാനം തുര്‍ക്കിയിലെത്തിയത്. അപ്പോള്‍ മുതല്‍ തുര്‍ക്കി പ്രസിഡ‍ന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ മുള്‍മുനയിലാണ്. രാജ്യം ഇത്രയും വലിയ സാന്പത്തിക പ്രതിസന്ധിയില്‍ ഉഴലവെ പ്രസിഡന്‍റ് ഉറുദുഗാന്‍ കാണിച്ചത് മഹാ അപരാധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം.

നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ഉറുദുഗാന്‍ ആ രഹസ്യം തുറന്നു പറഞ്ഞു. ഈ വിമാനം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബന്‍ ഹമദ് അല്‍ത്താനി തനിക്ക് സമ്മാനമായി നല്‍കിയതാണ്.

എങ്ങനെയാണ് ആ സമ്മാനം കിട്ടിയ‌തെന്ന കാര്യത്തിലുമുണ്ട് കൌതുകം. ഉറുദുഗാന്‍ നേരത്തെ തന്നെ അങ്ങനെയൊരു വിമാനം വാങ്ങാന്‍ തീരുമാനിച്ചതാണ്. പക്ഷെ പൊടുന്നനെയാണ് രാജ്യം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് വീണത്. അപ്പോള്‍ വിമാനം വാങ്ങല്‍ നീട്ടിവെച്ചു. ഇക്കാര്യം ഖത്തര്‍ അമീര്‍ അറിഞ്ഞു. ദിവസങ്ങള്‍ക്കകം അങ്കാറയില്‍ അത്യാധുനിക ആഡംബര വിമാനം പറന്നിറങ്ങി.

രഹസ്യം പരസ്യമായതോടെ തുര്‍ക്കിയിലെ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ പത്തിമടക്കിയിരിക്കുകയാണ്. എന്നാലും വിമാനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ രാജ്യമെങ്ങും. ലോകത്തെ ഏറ്റവും വലുതും ചെലവേറിയതുമാണ് ഈ വിമാനം.

ആശുപത്രിയും വിശാലമായ ഓഫീസ് മുറികളുും ആംഡംബര ബെഡ്റൂമുകളുമെല്ലാം വിമാനത്തിനകത്തുണ്ട്. 467 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ് വിമാനത്തിന്‍റെ ശേഷി.

നേരത്തെ ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം സഹായത്തിനെത്തിയത് തുര്‍ക്കിയായിരുന്നു. പിന്നീടിപ്പോള്‍ തുര്‍ക്കി വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ സഹായവുമായി ഖത്തര്‍ തിരിച്ചുനല്‍കി.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊഷ്മളമായി തുടരുന്നതിനിടെയാണ് പ്രസിഡന്‍റിനുള്ള ഈ കിടിലന്‍ സമ്മാനത്തിന്‍റെ വാര്‍ത്ത കൂടിയെത്തുന്നത്.

Tags:    

Similar News