ലോകത്തെ ആദ്യത്തെ പറക്കും കാര്‍ ഖത്തറില്‍ പറന്നുയര്‍ന്നു

അഞ്ച് വര്‍ഷത്തിനകം ഫ്ലയിങ് ടാകിസികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസിന് ഇറക്കാനാണ് വിവിധ കമ്പനികളുടെ നീക്കം

Update: 2018-09-28 03:30 GMT
Advertising

ഫൈവ് ജി നെറ്റ്‍വര്‍ക്ക് ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ പറക്കും കാര്‍ ഖത്തറില്‍ പരീക്ഷണം നടത്തി. മൊബൈല്‍ സേവനദാതാക്കളായ ഉരീദുവാണ് ഫ്ലയിങ് ടാക്സി ദോഹയില്‍ വിജയകരമായി പരീക്ഷിച്ചത്.

അഞ്ച് വര്‍ഷത്തിനകം ഫ്ലയിങ് ടാകിസികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസിന് ഇറക്കാനാണ് വിവിധ കമ്പനികളുടെ നീക്കം. വിപ്ലവങ്ങളുടെ തിരയിളക്കങ്ങള്‍ കണ്ട പേര്‍ഷ്യന്‍ കടലിനെ സാക്ഷിയാക്കി പറക്കുംകാര്‍ ഉയര്‍ന്നുപൊങ്ങി. ഡ്രൈവറുടെ ആവശ്യമില്ലാത്ത ലോകത്തെ ആദ്യ ഫ്ലയിങ് ടാക്സിയുടെ പരീക്ഷണപ്പറക്കലായിരുന്നു ദോഹയിലെ പേള്‍ ഖത്തറില്‍ നടന്നത്.

മൊബൈല്‍ നെറ്റ്‍വര്‍ക്ക് കമ്പനിയായ ഉരീദുവാണ് ഫൈവ് ജി നെറ്റ്‍വര്‍ക്ക് ഉപയോഗിച്ച് ഫ്ലയിങ് ടാക്സി വിജയകരമായി പരീക്ഷിച്ചത്. രണ്ട് പേര്‍ക്ക് ഇരുപത് മിനുട്ടോളം ഡ്രൈവറില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് പറക്കും കാറിന്‍റെ സവിശേഷത.

ചെറിയ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചോ മൊബൈല്‍ ഉപയോഗിച്ചോ കാറിനെ നിയന്ത്രിക്കാന്‍ കഴിയും. ഫൈവ് ജി നെറ്റ്‍വര്‍ക്ക് ഉപയോഗിച്ചുള്ള ഫ്ലയിങ് ടാക്സിയുടെ വേഗതയും ശക്തിയും അളക്കുന്നതിന്‍റെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. പറക്കും കാറിന് പുറമെ ഫൈവ്ജി ബസ്, ഫൈവ് ജി ഹൌസ് ബോട്ട്, ഫൈവ് ജി ഡ്രോണ്‍ സേവനങ്ങള്‍ എന്നിവയും ഭാവിയില്‍ ലഭ്യമാക്കാന്‍ ഉറീദുവിന് പദ്ധതിയുണ്ട്.

യാത്രാ രംഗത്തും വിനോദ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളാകും ഫൈവ് ജി വരുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പറക്കും കാറുകള്‍ ഇറക്കാനുള്ള നടപടികളുമായി ആഗോള ടാക്സി സര്‍വീസ് കമ്പനിയായ ഊബര്‍ നിലവില്‍ മുന്നോട്ടുപോകുന്നുണ്ട്. വരുന്ന അഞ്ച് വര്‍ഷത്തിനകം ഈ സേവനം യാഥാര്‍ത്ഥ്യമാക്കാന്‍കഴിയുമെന്നാണ് ഊബര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ പ്രതീക്ഷ.

Tags:    

Similar News