യുദ്ധദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കായി ഖത്തറില്‍ പുതിയ ഓഫീസ് തുറക്കാന്‍ യു.എന്‍

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയ, ഫലസ്തീന്‍, യെമന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തിനായാണ് കേന്ദ്രം തുറക്കുന്നത്

Update: 2018-09-30 19:21 GMT
Advertising

യുദ്ധദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കായി ഖത്തറില്‍ പുതിയ ഓഫീസ് തുറക്കാന്‍ യു.എന്‍. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയ, ഫലസ്തീന്‍, യെമന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തിനായാണ് കേന്ദ്രം തുറക്കുന്നത്. കേന്ദ്രത്തിന്‍റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള ചിലവ് ഖത്തര്‍ വഹിക്കും. കുട്ടികളുടെ പുനരധിവാസവും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യം വെച്ചാണ് ഖത്തറിന്‍റെ സഹായത്തോടെ യു.എന്‍ ദോഹയില്‍ പുതിയ ഓഫീസ് തുറക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സെന്‍റര്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍റ് ആംഡ് കോണ്‍ഫ്ലിക്റ്റിന്‍റെ പുതിയ കേന്ദ്രമാണ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കുക. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ വെച്ച് ഖത്തര്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുടെ സാനിധ്യത്തില്‍ ഖത്തര്‍ വികസനകാര്യ നിക്ഷേപനിധി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരിയും യു.എന്‍ സെക്രട്ടറി ജനറലിന്‍റെ പ്രത്യേക പ്രതിനിധി വിര്‍ജീനിയ ഗാംബിയയും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

ഖത്തര്‍ വികസനകാര്യ നിക്ഷേപ നിധിയാണ് ഓഫീസ് തുറക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. കേന്ദ്രത്തിന്‍റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 15 ലക്ഷം ഡോളര്‍ ക്യൂ.എഫ്.എഫ്.ഡി നല്‍കും. കുട്ടികളുടെ പുനരധിവാസ പഠന കാര്യങ്ങള്‍ക്കുള്ള സൌകര്യമൊരുക്കല്‍, അധ്യാപകര്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള പരിശീലനം നല്‍കല്‍ തുടങ്ങിയവയായിരിക്കും ദോഹയിലെ കേന്ദ്രത്തില്‍ നടക്കുക.

Tags:    

Similar News