വിദ്യാഭ്യാസ രംഗത്ത് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് യുനെസ്കോ
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുറപ്പാക്കുമെന്ന ഖത്തര്‍ അമീറിന്‍റെ യു.എന്‍ പ്രഖ്യാപനത്തെയും യുനെസ്കോ പ്രശംസിച്ചു
വിദ്യാഭ്യാസ രംഗത്ത് നല്‍കുന്ന സംഭാവനകള്‍ക്ക് ഖത്തറിന് യുനെസ്കോയുടെ പ്രശംസ. അധ്യാപകരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ സംരക്ഷണത്തിലും ഖത്തറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് യുനെസ്കോയുടെ ഖത്തര്‍ പ്രതിനിധി പറഞ്ഞു
യുനസ്കോയുടെ ഖത്തര്‍ ഓഫീസ് പ്രതിനിധി അന്ന പൗളിനിയാണ് വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറിനെ പ്രശംസിച്ചത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിലും അധ്യാപകരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിലും അവരുടെ അവകാശസംരക്ഷണത്തിലും ഖത്തര്‍ മുന്‍പന്തിയിലാണെന്ന് ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പൗളിനി പറഞ്ഞു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുറപ്പാക്കുമെന്ന ഖത്തര്‍ അമീറിന്‍റെ യുഎന്‍ പ്രഖ്യാപനത്തെ അവര്‍ നന്ദിപൂര്‍വം സ്മരിച്ചു.
ആഭ്യന്തര യുദ്ധം മൂലം കഷ്ടതയനുഭവിക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസമെത്തിക്കാന്‍ ഖത്തര്‍ നടത്തുന്ന പദ്ധതികളെയും അവര്‍ പ്രശംസിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികളാണ് ഖത്തറില്‍ നടന്നുകൊണ്ടിരിക്കുന്നത്.