‘ഉപരോധത്തിന് ഖത്തറിനെ തളര്‍ത്താനായിട്ടില്ല’: അമീര്‍ തമീം അല്‍ത്താനി

മേഖലയില്‍ സമാധാനം കൈവരണമെങ്കില്‍ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കണമെന്നും അമീര്‍ അഭിപ്രായപ്പെട്ടു.

Update: 2018-11-06 19:54 GMT
Advertising

ഉപരോധം അതിജീവിക്കുന്നതില്‍ രാജ്യം വിജയിച്ചതായി ഖത്തര്‍ അമീര്‍. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍‍ രാജ്യങ്ങള്‍ തമ്മില്‍ ബഹുമാനിക്കാന്‍ തയ്യാറാവണമെന്നും നിലവിലെ പ്രതിസന്ധി ജി.സി.സിയെ ദുര്‍ബലപ്പെടുത്തിയെന്നും അമീര്‍ പറഞ്ഞു. മജ്ലിസ് ശൂറയുടെ നാല്‍പ്പത്തേഴാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നിലപാട് വ്യക്തമാക്കിയത്.

ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഖത്തര്‍ സാമ്പത്തികമായി ശക്തിപ്പെടുകയാണ് ചെയ്തത്. ഭക്ഷ്യ സുരക്ഷയും വെള്ളവും ഉറപ്പ് വരുത്താന്‍ കഴിഞ്ഞതായും അമീര്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ കയറ്റുമതി പതിനെട്ട് ശതമാനം വര്‍ദ്ധിച്ചു. ഖത്തര്‍ റിയാലിന്‍റെ മൂല്യത്തിന് ഒരു തരത്തിലുള്ള ഇടിവും വന്നില്ലെന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വിലയ പ്രകൃതി വാതകം കയറ്റി അയക്കുന്ന രാജ്യം എന്ന പേര് അങ്ങിനെ തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.

Full View

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സര്‍ക്കാറിന്‍റെ ചെലവ് ഇരുപത് ശതമാനം കുറഞ്ഞതായി അമീര്‍ തന്‍െറ പ്രസംഗത്തില്‍ വെളിപ്പെടുത്തി. എണ്ണയെ മാത്രം ആശ്രയിക്കുന്നതിന് പകരം വിവിധ മേഖലയെ സാമ്പത്തിക സ്രോതസ്സായി കാണുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഖത്തര്‍ ഈ വര്‍ഷം 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമീര്‍ അറിയിച്ചു. ഉപരോധ കാലത്ത് രാജ്യത്ത് ഫാക്ടറികളുടെ എണ്ണത്തില്‍ പതിനാല് ശതമാനം വര്‍ദ്ധനവുണ്ടായതായി അമീര്‍ വ്യക്തമാക്കി.

മേഖലയില്‍ സമാധാനം കൈവരണമെങ്കില്‍ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കണമെന്നും അമീര്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏക മാര്‍ഗം പരസ്പരമുള്ള ചര്‍ച്ചകളാണ്. മേഖലയില്‍ ഇത്തരം പ്രതിസന്ധികള്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകുമ്പോള്‍ ജി.സി.സി ദുര്‍ബലപ്പെടുകയാണ് ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് ജി.സി.സി നേതൃത്വം പാഠം പഠിക്കുമെങ്കില്‍ നല്ലതാണ്. ഭാവയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും സംവിധാനങ്ങളും ജി.സി.സിക്ക് ഉണ്ടാകണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News