ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ നിബന്ധനകളിൽ ഇന്ത്യക്കാര്‍ക്ക് ഇളവ്
ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിലാണ് ഇളവ്. എന്നാല്‍ മറ്റ് നിബന്ധനകളില്‍ മാറ്റമില്ല.
ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ വിസയില്‍ ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവ്. പുതിയ ഉത്തരവ് പ്രകാരം യാത്രക്കാരന് ഡെബിറ്റ് കാര്‍ഡ് ഉണ്ടായാലും മതി. ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിലാണ് ഇളവ്. എന്നാല്‍ മറ്റ് നിബന്ധനകളില്‍ മാറ്റമില്ല.
കഴിഞ്ഞ പതിനൊന്നിനാണ് ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍അറൈവല്‍ വിസയ്ക്ക് ഖത്തര്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. യാത്രക്കാരന്‍ നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമായുള്ളവനായിരിക്കണമെന്നായിരുന്നു പ്രധാന നിബന്ധന. ഇതിലാണിപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡിന് പകരം ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്കും വിസയില്ലാതെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്നതാണ്. ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. കുടുംബമായാണ് വരുന്നതെങ്കിൽ കുടുംബത്തിലെ മുതിർന്ന ആളുടെ പേരില്‍ കാര്‍ഡുണ്ടായാലും മതി. എന്നാല്‍ ഒരുമാസം മാത്രമേ ഖത്തറില്‍ തങ്ങാവൂ.
താമസത്തിന് ഹോട്ടലില്‍ ബുക്ക് ചെയ്തതിന്‍റെ രസീത് കാണിക്കണം. പാസ്പാര്‍ട്ടിന് ആറ് മാസത്തെ കാലാവധി വേണം തുടങ്ങിയ നിബന്ധനകളില്‍ മാറ്റമില്ല. 2017 ആഗസ്റ്റ് മുതലാണ് ഇന്ത്യയടക്കമുള്ള 80 രാജ്യക്കാർക്ക് വിസയില്ലാതെ തന്നെ രാജ്യം സന്ദർശിക്കാനുള്ള സൗകര്യം ഖത്തർ സർക്കാർ ഒരുക്കിയത്.