‘ഖത്തര്‍ ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ തൊഴില്‍ ചൂഷണമുണ്ടെന്നത് അടിസ്ഥാനരഹിതം’
ഫ്രഞ്ച് നിര്‍മ്മാണ കമ്പനി തൊഴിലാളികളുടെ പാസ്പപോര്‍ട്ട് വാങ്ങിവെച്ച് ക്രൂരമായ രീതിയില്‍ ജോലി ചെയ്യിപ്പിക്കുകയാണ് എന്നാണ് ആരോപണം.
ഖത്തര്‍ ലോകകപ്പിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഫ്രഞ്ച് നിര്‍മ്മാണ കമ്പനി ‘വിന്‍സി’. രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങള്‍ ഉയര്‍ത്തിയാണ് ഇത്തരം ആരോപണങ്ങളെന്നും, ആഗോള സമൂഹം ഇതിനെ തള്ളിക്കളയണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
മനുഷ്യാവകാശ സംഘടനയായ ‘ഷേര്‍പ്പ’യാണ് ഖത്തര്‍ ലോകകപ്പിനുള്ള സ്റ്റേഡിയം നിര്‍മ്മാണങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന ആരോപണം ഉയര്‍ത്തിയത്. ഫ്രഞ്ച് നിര്‍മ്മാണ കമ്പനിയായ വിന്‍സി തൊഴിലാളികളുടെ പാസ്പപോര്‍ട്ട് വാങ്ങിവെച്ച് ക്രൂരമായ രീതിയില്‍ ജോലി ചെയ്യിപ്പിക്കുകയാണ് എന്നായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്.
കമ്പനിക്കെതിരെയും ഖത്തറിനെതിരെയുമുള്ള ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഫിഫയടക്കമുള്ള സംഘടനകള്‍ ഇക്കാര്യം നേരില്‍ കണ്ട് വിലയിരുത്തിയതാണ്. രാഷ്ട്രീയമായ ഗൂഡ ലക്ഷ്യങ്ങളുള്ളവരാണ് ഇത്തരം ആരോപണങ്ങള്‍ പിന്നില്‍. ലോകത്തെ ഏറ്റവും അപകടരഹിത തൊഴില്‍ മണിക്കൂറുകളാണ് വിവിധ സ്റ്റേഡിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുള്ളതെന്ന് കമ്പനി പറഞ്ഞു.
ശീതീകരണ സംവിധാനങ്ങളുള്‍പ്പെടെ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സൌകര്യങ്ങളെ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തന്നെ പ്രശംസിച്ചതാണ്. അതിനാല്‍ തന്നെ ഇത്തരം വസ്തുതാവിരുദ്ധമായ ആരോപണങ്ങളെ ആഗോള സമൂഹം തള്ളിക്കളയണമെന്നും കമ്പനി ആവശ്യപ്പെട്ടു