ഖത്തര്‍-തുര്‍ക്കി സംയുക്ത ഉന്നതാധികാര സമിതി യോഗം നാളെ

ഖത്തര്‍ അമീര്‍, തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

Update: 2018-11-25 18:41 GMT
Advertising

ഖത്തർ-തുർക്കി സംയുക്ത ഉന്നതാധികാര സമിതിയുടെ നാലാമത് യോഗം നാളെ ഇസ്താംബൂളില്‍ ചേരും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തും.വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയാകും.

ഖത്തര്‍ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാെൻറയും സംയുക്ത അധ്യക്ഷതയിലാണ് സംയുക്ത പരമോന്നത സമിതി യോഗം ചേരുന്നത്.

യോഗത്തിന്റെ ഭാഗമായി അമീർ ശൈഖ് തമീം തുർക്കി പ്രസിഡൻറ് ഉർദുഗാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ പങ്കാളിത്തം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. കൂടാതെ പൊതു പ്രാധാന്യമുള്ള മേഖലാ, അന്തർദേശീയ വിഷയങ്ങളും ഇരു രാഷ്ട്രനേതാക്കളും ചർച്ച ചെയ്യുമെന്നും ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ഖത്തറും തുർക്കിയും സഹകരണ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കുകയും ചെയ്യും.

ഖത്തർ-തുർക്കി ഉന്നതാധികാര സമിതി യോഗത്തിന് മുന്നോടിയായി തയ്യാറെടുപ്പെന്ന നിലയിൽ ഇരുരാജ്യവും ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഉന്നതതല തയ്യാറെടുപ്പ് യോഗം കൂടിയിരുന്നു. ഖത്തർ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി, തുർക്കി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സിദാത് ഒനാൽ എന്നിവരായിരുന്നു ഇരുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയിരുന്നത്.

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാന്റെയും നേതൃത്വത്തിലാണ് ഖത്തർ തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി രൂപീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കുകയുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.

സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി നാൽപ്പതോളം കരാറുകളും പൊതുധാരണാ പത്രങ്ങളുമാണ് വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യം വെച്ച് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

Tags:    

Similar News