അഖണ്ഡതയുടെയും ആത്മാഭിമാനത്തിന്‍റെയും മുദ്രാവാക്യങ്ങളുമായി ഖത്തര്‍ ദേശീയദിനമാഘോഷിക്കുന്നു
അഖണ്ഡതയുടെയും ആത്മാഭിമാനത്തിന്‍റെയും മുദ്രാവാക്യങ്ങളുമായി ഖത്തര്‍ ഇന്ന് ദേശീയദിനമാഘോഷിക്കുന്നു. ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. സൈനിക പരേഡ് ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഇന്ന് നടക്കുന്നത്.
സ്വതന്ത്ര്യ രാജ്യമായതിന്‍റെ ഓര്‍മ്മകള്‍ പുതുക്കി ഖത്തര്‍ നാളെ മറ്റൊരു ദേശീയദിനം കൂടി കൊണ്ടാടുന്നു. എല്ലാ മേഖലകളിലും കൈവരിച്ച സ്വയം പര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്‍റെയും കരുത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്നര്‍ത്ഥം വരുന്ന ദേശീയ ഗാനത്തിലെ വരിയാണ് ഇത്തവണത്തെ മുദ്രാവാക്യം. ചുവപ്പും വെള്ളയും കലര്‍ന്ന പതാക പുതച്ചുനില്‍ക്കുകയാണ് ഖത്തറിന്‍റെ തെരുവീഥികള്‍ മുഴുവന്‍. പതാകകളുമേന്തിയാണ് മിക്ക വാഹനങ്ങളും നിരത്തിലിറങ്ങിയിരിക്കുന്നത്. വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഉച്ച കഴിഞ്ഞ് മൂന്നിന് ദോഹ കോര്‍ണിഷില്‍ ദേശീയ ദിന പരേഡ് നടക്കും. രാജ്യത്തിന്‍റെ സൈനിക ശക്തിയും കരുത്തും വിളിച്ചോതുന്ന തരത്തിലായിരിക്കും പരേഡ്. 25000 പേര്‍ക്ക് പരേഡ് ഇരുന്ന് വീക്ഷിക്കാനുള്ള സൗകര്യം കോര്‍ണീഷ് റോഡിന്‍റെ ഇരുവശങ്ങളിലുമായി ഒരുക്കിക്കഴിഞ്ഞു. സാംസ്കാരിക സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരക്കുന്ന കമ്മ്യൂണിറ്റി പരേഡുകളും നടക്കും.
ഇന്നലെ മുതല്‍ ദോഹയുടെ വിവിധ ഭാഗങ്ങളിലായി കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുന്നുണ്ട്. ദേശീയ ദിനം പ്രമാണിച്ച് തെരഞ്ഞെടുത്ത തടവുകാര്‍ക്ക് അമീര്‍ ജയില്‍ മോചനവും ഒരുക്കിയിട്ടുണ്ട്.