ഖത്തറിലേക്ക് മടങ്ങിവരുന്നവര്‍ക്കുള്ള പ്രത്യേക വ്യവസ്ഥകള്‍?
വിമാനത്താവളത്തിലെത്തുന്ന വിവിധതരം യാത്രക്കാരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് മടങ്ങിവരുന്നവര്‍ക്കായി ദോഹ വിമാനത്താവളത്തില്‍ പ്രത്യേക നിബന്ധനകള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെത്തുന്ന വിവിധതരം യാത്രക്കാരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഖത്തരി പൌരന്മാര്‍, അവരുടെ കുടുംബം, ഖത്തര്‍ ഐഡിയുള്ളവര്‍ എന്നീ വിഭാഗക്കാരാണുള്ളത്.
ഗ്രൂപ്പ് ബിയില്‍ 55 വയസ്സോ അതിന് മുകളിലോ ഉള്ളവരും പ്രത്യേക അസുഖങ്ങളുള്ളവരുമാണ്. കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവരാണ് ഗ്രൂപ്പ് സിയില്‍ ഇടംപിടിച്ചിരിക്കുന്നത്. അവസാനത്തെ ഗ്രൂപ്പ് ഡിയില്‍ കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരും.
ഇതില്‍ എല്ലാ ഗ്രൂപ്പുകാരും വിമാനത്താവളത്തില്‍ വെച്ച് താപനില പരിശോധനയ്ക്ക് വിധേയരാകണം. മൊബൈലില്‍ ഖത്തര്‍ സിം കാര്‍ഡും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമായിരിക്കുകയും വേണം. ആരോഗ്യ നില തെളിയിക്കുന്ന പ്രത്യേക ഫോം എല്ലാവരും പൂരിപ്പിച്ച് നല്‍കണം.
കോവിഡ് അപകട സാധ്യത കൂടിയ രാജ്യക്കാരുള്ള ഗ്രൂപ്പ് ഡി ഒഴികെയുള്ള മുഴുവന്‍ വിഭാഗക്കാരും എയര്‍പോര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് പരിശോധന കേന്ദ്രങ്ങളിലേക്കാണ് ആദ്യം പോകേണ്ടത്. പരിശോധനക്ക് ശേഷം ഇമിഗ്രേഷനില്‍ വന്ന് അവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ഇവര്‍ക്ക് ഹോം ക്വാറന്‍ന്‍റൈനിലേക്ക് പോകാം. ഇതിനായി സ്വന്തം വാഹനങ്ങളോടെ എയര്‍പോര്‍ട്ട് ടാക്സികളോ ഇവര്‍ക്ക് ഉപയോഗിക്കാം.
അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള കോവിഡ് അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നേരിട്ട് ഇമിഗ്രേഷന്‍ കൌണ്ടറിലെത്തി ഹോട്ടല്‍ ബുക്കിങ് സ്ലിപ്പ് സമര്‍പ്പിക്കണം. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഹോട്ടല്‍ ക്വാറന്‍റൈനിന് വേണ്ടി നേരത്തെ ബുക്ക് ചെയ്ത ഹോട്ടലുകളിലേക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ നേരിട്ടെത്തിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ എല്ലാ സംവിധാനങ്ങളും എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു