ആദ്യം വിറപ്പിച്ചു, പിന്നെ കീഴടങ്ങി... കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് വിജയം
അവസാന ഓവറില്‍ രക്ഷകനായി ഡി.കെ... കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് ജയം
കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് മൂന്ന് വിക്കറ്റ് ജയം. അത്യന്തം നാടകീയത നിറഞ്ഞുനിന്ന മത്സരത്തില്‍ വിജയ സാധ്യത മാറിമറിഞ്ഞെങ്കിലും അവസാന ചിരി ബാംഗ്ലൂരിന്‍റേതായിരുന്നു.
ചെറിയ സ്കോറില്‍ കൊല്‍ക്കത്തയെ പുറത്താക്കിയപ്പോള്‍ എത്ര ഓവറില്‍ കളി ജയിക്കുമെന്ന് മാത്രമായിരുന്നു ബാംഗ്ലൂര്‍ ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ബാംഗ്ലൂരിന്‍റെ കണക്കൂകൂട്ടല്‍ അത്ര വേഗം ശരിയാകില്ലെന്ന് കൊല്‍ക്കത്ത തെളിയിച്ചു. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം ഉണ്ടായിരുന്നപ്പോഴായിരുന്നു ബാംഗ്ലൂരിന് ഉമേഷ് യാദവിന്‍റെ വക ആദ്യ പ്രഹരമേറ്റത്. ഓപ്പണറായ അനുജ് റാവത്ത് പുറത്ത്. ടീം സ്കോര്‍ 1/1 . 128 ന് പുറത്തായ കൊല്‍ക്കത്തയെ സംബന്ധിച്ച് ബാംഗ്ലൂരിനെ തുടക്കത്തിലേ പ്രതിരോധിക്കാന്‍ ലഭിച്ച അവസരം അവര്‍ നന്നായി മുതലെടുത്തു.
രണ്ടാം ഓവറിലെ അവസാന പന്തില്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഡുപ്ലസിയെത്തന്നെ മടക്കി വീണ്ടും കൊല്‍ക്കത്ത തിരിച്ചടിയുടെ വ്യക്തമായ സൂചന നല്‍കി. റാവത്തിനെ ഉമേഷ് യാദവ് മടക്കിയപ്പോള്‍ ഡുപ്ലെസിയെ ടിം സൗത്തിയാണ് വിക്കറ്റാക്കിയത്. അതേ സ്കോറില്‍ തന്നെ കോഹ്‍ലിയും വീണതോടെ ബാംഗ്ലൂര്‍ മൂന്നിന് 17 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീടെത്തിയ ഡേവിഡ് വില്ലിയും റുഥര്‍ഫോഡും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
പക്ഷേ പാര്‍ട്ണര്‍ഷിപ്പ് 45 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും വീണ്ടും കൊല്‍ക്കത്തയുടെ ആക്രമണം. ഡേവിഡ് വില്ലിയുടെ വിക്കറ്റെടുത്ത് നരൈനാണ് കൊല്‍ക്കത്തക്ക് ബ്രേക് ത്രൂ നല്‍കിയത്. 18 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് വില്ലി വീണത്. പിന്നീട് റുഥര്‍ഫോഡും ഷഹബാസ് അഹമ്മദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് 49 റണ്‍സിന്‍റെ കൂട്ടുകെട്ട് ബാംഗ്ലൂരിനായി പടുത്തുയര്‍ത്തി. എന്നാല്‍ ഷഹബാസ് അഹമ്മദിന്‍റെ വിക്കറ്റ് വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയെ പിന്നെയും ചിത്രത്തിലെത്തിച്ചു.
അതോടെ കൊല്‍ക്കത്ത പ്രത്യാക്രമണത്തിന് മൂര്‍ച്ച കൂട്ടി. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍. ഓവറില്‍ ന് ഏഴെന്ന നിലയിലേക്ക് ബാംഗ്ലൂര്‍ കൂപ്പുകുത്തുന്ന കാഴ്ച. പിന്നീട് ദിനേഷ് കാര്‍ത്തിക്കും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ നടത്തിയ തിരിച്ചടിയാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ ആറ് പന്തില്‍ പത്ത് റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ദിനേഷ് കാര്‍ത്തിക് ഏഴ് പന്തില്‍ 14 റണ്‍സുമായി ബാംഗ്ലൂരിന്‍റെ വിജയശില്‍പിയായി.
അതേസമയം ബാറ്റിങില്‍ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു കൊല്‍ക്കത്തക്കിന്ന്. 14 റണ്‍സിന് ആദ്യ വിക്കറ്റ് വീണതുമുതല്‍ തുടങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ശനിദശ. അഞ്ച് ഓവര്‍ തികയുന്നതിന് മുമ്പ് തന്നെ രണ്ട് ഓപ്പണര്‍മാരും പവലിയനിലെത്തി.
പത്ത് റണ്‍സെടുത്ത അയ്യരുടേതായിരുന്നു ആദ്യ ഊഴം. ആകാശ് ദീപയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചിലൂടെയായിരുന്നു വെങ്കിടേഷ് അയ്യരുടെ പുറത്താകല്‍. സഹ ഓപ്പണര്‍ രഹാനെക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നാലാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജിന് വിക്കറ്റ് നല്‍കുമ്പോള്‍ ടീം സ്കോര്‍ വെറും 32 റണ്‍സ്. പത്ത് പന്തില്‍ ഒന്‍പത് റണ്‍സുമായി ആയിരുന്നു രഹാനെയുടെ മടക്കം.
പിന്നെയും തുടരെ വിക്കറ്റുകള്‍ വീണു. കൊല്‍ക്കത്ത നിലയുറപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഹസരങ്കയും ആകാശ് ദീപയും ഹര്‍ഷല്‍ പട്ടേലും ആഞ്ഞടിച്ചു. ഹസരങ്ക നാല് വിക്കറ്റ് വീഴത്തിയപ്പോള്‍ ആകാശ് ദീപ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
25 റണ്‍സ് നേടിയ ആന്ദ്രെ റസല്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തന്‍ നിരയില്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സാം ബില്ലിങ്സ് 14 റണ്‍സോടെ മടങ്ങി. വാലറ്റത്തെ ഉമേഷ് യാദവിന്‍റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും പ്രകടനമാണ് കൊല്‍ക്കത്തയെ 120 കടത്തിയത്. ഉമേഷ് യാദവ് 14 റണ്‍സെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 10 റണ്‍സോടെ പുറത്താകാതെ നിന്നു.