കരിപ്പൂരില്‍ നിന്നും സൗദി എയര്‍ലൈന്‍സ്; സമയക്രമം ഒരാഴ്ചക്കകം നിലവില്‍ വരും
ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നാവും ആദ്യ സര്‍വീസുകള്‍
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ വിമാന സർവീസ് സമയക്രമം ഒരാഴ്ചക്കകം നിലവിൽ വരുമെന്ന് സൂചന. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യത്തിലോ സൗദി സർവീസുകൾ പുനരാരംഭിക്കും. ജിദ്ദയിൽ നിന്നും റിയാദിൽ നിന്നുമായിരിക്കും ആദ്യഘട്ട സർവീസുകൾ.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇടത്തരം വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്നതിന് സൗദി എയർലൈൻസിനുള്ള ഡിജിസിയുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ഈയിടെയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ പുതിയ സമയ ഷെഡ്യൂൾ ക്രമീകരണം നടത്തി ഉടൻ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി എയർലൈൻസ് അധികൃതർ. സർവീസ് എന്നുതുടങ്ങുമെന്നതിനെസംബന്ധിച്ച പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് സൂചന. അതോടെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിക്കും. ഹജ്ജ് സർവീസുകൾക്ക് ശേഷം ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യമോ ആയിരിക്കും കരിപ്പൂർ സർവീസുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ ആഴ്ചയിൽ 5 സർവീസുകൾ ജിദ്ദയിൽ നിന്നും 2 സർവീസുകൾ റിയാദിൽ നിന്നുമായിരിക്കും. 300 യാത്രക്കാരെ ഉൾകൊള്ളുന്ന സൗദി എയർലൈൻസിന്റെ ബോയിങ് 777-200, എയർബസ് 330-300 വിമാനങ്ങളായിരിക്കും കരിപ്പൂർ സർവീസിനായി ഉപയോഗിക്കുക. 2009 മുതലാണ് കരിപ്പൂരിൽ നിന്നും സൗദി എയർലൈൻസ് സർവീസുകൾ ആരംഭിച്ചത്. കഴിഞ്ഞ 3 വർഷങ്ങളായി റൺവേ അറ്റകുറ്റപ്പണികളുടെ പേരിൽ വലിയ വിമാന സർവീസുകൾക്കു നിരോധം വന്നതിനാൽ സൗദി എയർലൈൻസ് പൂർണമായും സർവീസ് നിറുത്തിവെച്ചിരിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ ഇടത്തരം വിമാനങ്ങളും അടുത്ത മാസം മുതൽ കരിപ്പൂരിൽ നിന്നും ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനിരിക്കുകയാണ്. സൗദിയിലെ മലബാർ പ്രവാസികളും ഉംറ തീർത്ഥാടകരും ഏറെ പ്രതീക്ഷകളോടെയാണ് പുതിയ സർവീസുകൾക്കായി കാത്തിരിക്കുന്നത്.