ലുബാന്‍ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു; സൗദിയില്‍ കനത്ത മഴക്ക് സാധ്യത

മക്ക, മദീന പ്രവിശ്യകളിലും റിയാദ്, അഫീഫ്, ദവാദ്മി, അഫ്‌ലാജ്, ഹായിൽ, ഖസീം എന്നിവിടങ്ങളിലും നാളെ മുതൽ വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്.

Update: 2018-10-15 20:38 GMT
Advertising

യെമൻ തീരത്ത് പ്രവേശിച്ച ലുബാൻ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. കാറ്റിന്റെ ഗതിവേഗം കുറഞ്ഞതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

നിലവില്‍ ലുബാന്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കാറില്‍ മുപ്പത് കിലോമീറ്ററിന് താഴെയാണ്. ഇന്നലെ രാത്രിയോടെ യമന്‍ കരയില്‍ തൊട്ട കാറ്റ് കാര്യമായ നാശനഷ്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. അതേ സമയം യമന്‍ തീരത്ത് മഴ പെയ്യുന്നുണ്ട്. ഇതോടെ പൊടിക്കാറ്റിന് പിന്നാലെ സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ലുബാൻ യമന്‍ കര തൊട്ടതോടെ സൗദി അതിര്‍ത്തിയില്‍ കാര്‍മേഘങ്ങള്‍ ശക്തമാണെന്നും സൗദി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നജ്‌റാൻ, ശറൂറ, ഖർഖീർ, ജിസാൻ, അസീർ, അൽബാഹ, ഫുർസാൻ ദ്വീപ്, റിയാദിലെ വാദി ദവാസിർ എന്നിവിടങ്ങളിൽ മഴ പെയ്തേക്കും.

മക്ക, മദീന പ്രവിശ്യകളിലും റിയാദ്, അഫീഫ്, ദവാദ്മി, അഫ്‌ലാജ്, ഹായിൽ, ഖസീം എന്നിവിടങ്ങളിലും നാളെ മുതൽ വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്. ജിദ്ദ, റാബിഗ്, ലൈത്ത്, ഖുൻഫുദ, അൽജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മറ്റന്നാള്‍ മുതലും മഴയുണ്ടാകും. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രവിശ്യകളിലെ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News