സൗദിയിലെ വിവിധയിടങ്ങളില്‍ പുതിയ തൊഴില്‍ കോടതികള്‍
തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് അപ്പീല്‍ കോടതികള്‍ വേറേയുമുണ്ടാകും
സൌദിയിലെ വിവിധയിടങ്ങളില്‍ പുതിയ തൊഴില്‍ കോടതികള്‍ പ്രാബല്യത്തില്‍ വന്നു. ഓണ്‍ലൈന്‍ വഴിയാണ് ഈ കോടതികളിലെ വിധിപ്പകര്‍പ്പുകള്‍ ലഭിക്കുക.
റിയാദ്, മക്ക, ദമ്മാം, ജിദ്ദ, അബ്ഹാ, ബുറൈദ, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രഥമ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ പ്രാബല്യത്തില്‍ വന്നത്. മറ്റു സ്ഥലങ്ങളിലെ കോടതികളില്‍ 27 ബഞ്ചുകള്‍ പ്രവര്‍ത്തിക്കും. തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് അപ്പീല്‍ കോടതികള്‍ വേറേയുമുണ്ടാകും.
തൊഴില്‍ കേസുകളില്‍ ഫസ്റ്റ് ക്ലാസ് കോടതികളില്‍ നിന്ന് വിധിക്കുന്ന ചില വിധികളില്‍ അപ്പീല്‍ പോകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരുപതിനായിരം റിയാല്‍ താഴെ നല്‍കാനുള്ള വിധികള്‍, സേവന സര്‍ട്ടിഫിക്കറ്റ്, തൊഴിലാളിയുടെ രേഖകള്‍ നല്‍കാന്‍ അവശ്യപ്പെട്ടുകൊണ്ടുള്ള കേസുകളിലുള്ള വിധികള്‍ക്കും അപ്പീല്‍ സാധ്യമാകില്ല.
ഇതുവരെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് തൊഴില്‍ കേസുകളില്‍ വിധി പറഞ്ഞിരുന്നത്. പുതിയതൊഴില്‍ കോടതികളില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുന്നതും വിധി ലഭിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും