സൗദിയില്‍ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ അംഗീകാരം
സല്‍മാന്‍ രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം
സൗദി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ നിര്‍മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും മന്ത്രിസഭയുടെ അംഗീകാരം. സല്‍മാന്‍ രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
നിര്‍മാണ മേഖല സജീവമാകാന്‍ മന്ത്രിസഭ തീരുമാനം കാരണമായേക്കും. സ്വദേശിവത്കരണം ഏറ്റവും കുറഞ്ഞ നിര്‍മാണ മേഖല സജീവമാകുന്നതോടെ അവിദഗ്ധ തൊഴിലാളികളായ വിദേശികള്‍ക്ക് തൊഴിലവസരം വര്‍ധിക്കാനും കാരണമാവും. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിന്‍റെയും താമസ കെട്ടിടങ്ങള്‍ സ്കൂള്‍ ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയുന്നതിന്‍റെയും ഭാഗം കൂടിയായിരിക്കും പുതിയ നീക്കം.
വിദ്യാഭ്യാസ മന്ത്രി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സൗദി കിരീടാവകാശി അദ്ധ്യക്ഷനായുള്ള സാമ്പത്തിക, വികസന സമിതി ഒന്നര മാസം മുമ്പ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു. ബജറ്റില്‍ ഉള്‍ക്കൊള്ളുന്ന 40 കോടി റിയാല്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടത്. 28 വര്‍ഷം വരെ നീളുന്ന കരാറുകള്‍ക്ക് ഇത്തരത്തില്‍ ധാരണയാവാകുന്നതാണ്. രാജ്യത്തിന്‍റെ വിവിധ മേഖലയില്‍ 120 സ്കൂളുകള്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് നിര്‍മിക്കുമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു.