സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു

പടിഞ്ഞാറൻ മേഖലകളിൽ മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

Update: 2019-01-28 17:53 GMT
Advertising

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. ജിദ്ദയടക്കം രാജ്യത്തെ പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് നല്ല മഴ ലഭിച്ചത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ അപകട മേഖലകളിൽ നിന്ന് മാറി നിൽക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

ജിദ്ദ, മദീന, യാമ്പു, തബൂക്ക്, ബുറൈദ, അൽജൗഫ് എന്നിവിടങ്ങളിലായിരുന്നു കനത്ത മഴ. ചിലയിടങ്ങളിൽ മഴയോടൊപ്പം ഇടിയും അകമ്പടിയായെത്തി. പടിഞ്ഞാറൻ മേഖലകളിൽ മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻകരുതലുകളെടുക്കാൻ സിവിൽ ഡിഫൻസ് എസ്.എം.എസ് സന്ദേശങ്ങളും അയച്ചിരുന്നു. റോഡുകളിൽ വെള്ളം കെട്ടിനിന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. എന്നാൽ വിമാന, കപ്പൽ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചില്ല. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. ജിദ്ദയിൽ ഖുലൈസ് മേഖലയുടെ വടക്ക് താഴ്‍വരയിൽ കുടുങ്ങിയ മൂന്ന് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മക്കയിൽ നേരിയ ചാറ്റൽ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മദീനയിൽ പല റോഡുകളിലും വെള്ളം കവിഞ്ഞൊഴുകി. നിരവധി വാഹനങ്ങൾ ശക്തമായ മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി.

മഴ തുടരുന്നതിനാൽ അൽജൗഫിലെ പല താഴ്‍വരകളും കവിഞ്ഞൊഴുകി. സക്കാകയിൽ മഴവെള്ളത്തിൽ കുടുങ്ങിയ 28 പേരെ രക്ഷപ്പെടുത്തി. അതേസമയം റിയാദില്‍ കനത്ത പൊടിക്കാറ്റ് തുടരുകയാണ്. ഇവിടങ്ങളിൽ തണുപ്പിന് നേരിയ കുറവുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ തണുപ്പ് കൂടാനാണ് സാധ്യത. ദമ്മാമില്‍ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Tags:    

Similar News