ആണെ ഏക്കും ഉറട്ടി നെ കിട്ടുത്ത: ആ കല്യാണം വിളിയുടെ അര്‍ത്ഥം തിരയുന്നവരോട് മണിക്കുട്ടന് പറയാനുള്ളത്
പരമ്പരാഗത പണിയ വേഷത്തോടെയുള്ള ചിത്രങ്ങളാണ് മണികണ്ഠനും ഗ്രീഷ്മയും സേവ് ദി ഡേറ്റിനായി എടുത്തത്
''ആണെ ഏക്കും ഉറട്ടി നെ കിട്ടുത്ത...
പഠിചവനെയും കിനതിനെയും മിഞ്ഞലി പറഞ്ചു ഒപ്പിച്ചു
ഈ വഞ്ച ഫെബ്രുവരി മാസ 4 ക്കു കല്യാണ...
ഇവെ ഒരു അറിയിപ്പായി എടുത്തു ഒക്കളും വന്തൊയി മക്കളെ...
അങ്കെനത്ത കൊറോണെ പൊ ഉളോ...
തൂച്ചിചൊയി...
കൂയ്യ്...''
ഒന്നും മനസ്സിലായില്ല അല്ലേ.. ഫെയ്സ്‍ബുക്കിലെ ഒരു സേവ് ദ ഡേറ്റ് കല്യാണം വിളിയാണ്.
രണ്ടു ദിവസം മുമ്പാണ് വയനാട് സ്വദേശി മണിക്കുട്ടന്‍ തന്‍റെ സേവ് ദ ഡേറ്റ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൂടെ കല്യാണത്തിനുള്ള ക്ഷണവുമുണ്ടായിരുന്നു. പക്ഷേ, കല്യാണം ക്ഷണിച്ചുകൊണ്ട് മണിക്കുട്ടന്‍ കുറിച്ച വാക്കുകള്‍ വായനക്കാരെ തെല്ലൊന്ന് കുഴയ്ക്കാതിരുന്നില്ല. കല്യാണത്തിന് ക്ഷണിച്ചതാണെന്ന് മനസ്സിലായി പക്ഷേ, കല്യാണം ക്ഷണിച്ചുകൊണ്ട് മണിക്കുട്ടന്‍ എഴുതിയ വാക്കുകളുടെ അര്‍ത്ഥമെന്താണ്.
''എനിക്കും പെണ്ണ് കിട്ടി... ദൈവത്തെയും മണ്‍മറഞ്ഞ പൂര്‍വികരെയും സാക്ഷിയാക്കി ഈ വരുന്ന ഫെബ്രുവരി നാലിനാണ് കല്യാണം. അത് അറിയിപ്പായി എടുത്ത് എല്ലാവരും എത്തിക്കൊള്ളുക.. കൊറോണയുണ്ട് സൂക്ഷിക്കുക'' -ഇതാണ് പണിയ ഭാഷയിലുള്ള ആ വാക്കുകളുടെ അര്‍ത്ഥമെന്ന് പറയുന്നു മണിക്കുട്ടന്‍. പരമ്പരാഗത പണിയ വേഷത്തോടെയുള്ള ചിത്രങ്ങളാണ് മണികണ്ഠനും ഗ്രീഷ്മയും സേവ് ദി ഡേറ്റിനായി എടുത്തത് എന്നതും ഈ സേവ് ദ ഫോട്ടോഷൂട്ടിനെ വ്യത്യസ്തമാക്കിയിരിക്കുന്നു.
കേരള വെറ്റിനറി ആന്‍റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‍സിറ്റിയിലെ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗ്രോത്രാമിഷന്‍റെ ടീച്ചിംഗ് അസിസ്റ്റന്‍റ് ആണ് മണിക്കുട്ടന്‍. വധു ഗ്രീഷ്മ നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാനന്തവാടിയില്‍ തന്നെയാണ് ഗ്രീഷ്മയുടെ വീടും. വീടുകള്‍ തമ്മില്‍ രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.. വിവാഹം വീട്ടുകാര്‍ തീരുമാനിപ്പിച്ചുറപ്പിച്ചതാണ്.
വിവാഹത്തിന്‍റെ ഒരുക്കങ്ങളെല്ലാം ഒരുവിധം പൂര്‍ത്തിയായി. നാളെയാണ് വിവാഹത്തിന്റെ പരമ്പരാഗതമായ ചടങ്ങുകള്‍, രാവിലെ ഒരു പത്തുമണിക്ക് തുടങ്ങിയിട്ട് വൈകീട്ട് തീരുന്നരീതിയിലുള്ള ചടങ്ങുകളാണ് നാളെ മാത്രം ഉള്ളത്. ആ ചടങ്ങുകളെല്ലാം നടക്കുന്നത് വധൂഗൃഹത്തില്‍ വെച്ചിട്ടാണ്. പിന്നെ ഫെബ്രുവരി 4 വ്യാഴാഴ്ച കെട്ടുകല്യാണം മാത്രമാണ് നടക്കുക.
ആണെ ഏക്കും ഉറട്ടി നെ കിട്ടുത്ത... പഠിചവനെയും കിനതിനെയും മിഞ്ഞലി പറഞ്ചു ഒപ്പിച്ചു ഈ വഞ്ച ഫെബ്രുവരി മാസ 4 ക്കു...
Posted by Manikuttan Paniyan on Friday, January 29, 2021